രജനീ കാന്തിനൊപ്പം വിനായകൻ; ജയിലറിൽ താരം പ്രതിനായകനായേക്കുമെന്ന് സൂചന

August 23, 2022

ഇന്നലെയാണ് രജനീ കാന്ത് ചിത്രം ജയിലറിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന സിനിമ ലോകമെങ്ങുമുള്ള രജനീകാന്ത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ബീസ്റ്റിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെ റിലീസ് ചെയ്‌തിരുന്നു. കണ്ണുകളിൽ രൗദ്ര ഭാവത്തോടെ കൈകൾ പുറകിൽ കെട്ടി നിൽക്കുന്ന തലൈവരുടെ പോസ്റ്റർ ആരാധകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്.

ഇപ്പോൾ മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ സന്തോഷം നൽകുന്ന ഒരു വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. ജയിലറിൽ തലൈവർ രജനീ കാന്തിനൊപ്പം മലയാള നടൻ വിനായകനും ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താരം ചിത്രത്തിൽ പ്രതിനായകനെ അവതരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. എന്നാൽ വിനായകൻ ചിത്രത്തിൽ അഭിനയിക്കുന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇനിയും വരാനുണ്ട്.

നേരത്തെ ചിത്രത്തിന്റെ പ്രഖ്യാപന വേളയിൽ ആദ്യ പോസ്റ്റർ പുറത്തു വന്നിരുന്നു. രക്തം പുരണ്ട പകുതി മുറിഞ്ഞ ഒരു വാളായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. ജൂൺ 17 നാണ് പോസ്റ്റർ പങ്കുവെച്ചു കൊണ്ട് ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടായത്.

Read More: ചിരഞ്‌ജീവിക്ക് ഇന്ന് പിറന്നാൾ; ആശംസകളുമായി മമ്മൂട്ടിയും മോഹൻലാലും, ആരാധകർക്ക് സമ്മാനമായി തെലുങ്ക് ലൂസിഫറിന്റെ ട്രെയ്‌ലർ

ഡോക്ടർ, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് നെൽസൺ ദിലീപ് കുമാർ. ഡോക്‌ടർ വലിയ വിജയമായെങ്കിലും വിജയ് ചിത്രമായ ‘ബീസ്റ്റ്’ വിചാരിച്ച പോലെയുള്ള വിജയം നേടിയിരുന്നില്ല. എങ്കിലും നെൽസണിൽ വലിയ പ്രതീക്ഷ തന്നെയാണ് സിനിമ ആരാധകർക്കുള്ളത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമ്മിക്കുന്നത്.

Story Highlights: Vinayakan will act with Rajini kanth