കിംഗ് കോലിയുടെ തിരിച്ചു വരവ്; ഹോങ്കോങിനെതിരെ ഹാഫ് സെഞ്ചുറി അടിച്ച് വിരാട് കോലി

August 31, 2022

ഒടുവിൽ വിമർശകർക്ക് കൃത്യമായ മറുപടി നൽകിക്കൊണ്ട് മുൻ ഇന്ത്യൻ നായകൻ വിരാട് കോലി ശക്തമായി തിരിച്ചു വന്നിരിക്കുന്നു. ഏഷ്യ കപ്പിൽ ഹോങ്കോങിനെതിരെയുള്ള മത്സരത്തിൽ അർധ സെഞ്ചുറി നേടിക്കൊണ്ടാണ് കോലി തനിക്കെതിരെ നാളുകളായി ഉയർന്നു കേൾക്കുന്ന വിമർശനങ്ങൾക്ക് ബാറ്റ് കൊണ്ട് മറുപടി നൽകിയിരിക്കുന്നത്. ഈ ഏഷ്യ കപ്പിലെ ആദ്യ ഫിഫ്റ്റി കൂടിയാണ് മുൻ ഇന്ത്യൻ നായകനായ കോലി നേടിയിരിക്കുന്നത്.

40 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച കോലി 44 പന്തില്‍ 59 റണ്‍സുമായി പുറത്താകാതെ നിന്നു. മൂന്ന് സിക്സും ഒരു ഫോറും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്സ്. ടി 20 കരിയറിലെ മുപ്പത്തിയൊന്നാമത്തെ അര്‍ധസെഞ്ചുറി തികച്ച കോലി അര്‍ധസെഞ്ചുറികളുടെ എണ്ണത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്കൊപ്പമെത്തി.

ടോസ് നഷ്‌ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിരാട് കോലിയുടെയും സൂര്യകുമാർ യാദവിന്റെയും ബാറ്റിംഗ് മികവിലാണ് 192 റൺസ് അടിച്ചെടുത്തിരിക്കുന്നത്. മറുപടി ബാറ്റിങ്ങിറങ്ങിയ ഹോങ്കോങ് 9 ഓവറിൽ 2 വിക്കറ്റ് നഷ്‌ടത്തിൽ 61 റൺസാണ് നേടിയിരിക്കുന്നത്.

താൻ ഫോമിലേക്ക് തിരികയെത്തിയെന്നുള്ള സൂചന നേരത്തെ തന്നെ കോലി നൽകിയിരുന്നു. ഏഷ്യ കപ്പിനായുള്ള പരിശീലന സെഷനിൽ കോലി ബൗളർമാരെ ഗ്രൗണ്ടിൻ്റെ നാലു ഭാഗത്തേക്കും അടിച്ചുപറത്തുന്ന വിഡിയോ പുറത്തുവന്നതോടെയാണ് ആരാധകർ കോലിയുടെ ഫോമിൽ പ്രതീക്ഷ വെച്ച് തുടങ്ങിയത്.

Read More: അതിർവരമ്പുകൾ മായ്ക്കുന്ന ക്രിക്കറ്റ് സൗഹൃദങ്ങൾ; പരിക്കേറ്റ ഷഹീൻ അഫ്രീദിയെ കാണാനെത്തി കോലിയടക്കമുള്ള ഇന്ത്യൻ താരങ്ങൾ-വിഡിയോ

ഇഎസ്പിഎൻ ക്രിക്ക്‌ഇൻഫോ മാധ്യമപ്രവർത്തകൻ ശശാങ്ക് കിഷോർ അടക്കമുള്ളവർ ഈ വിഡിയോ പങ്കുവച്ചിരുന്നു. സ്പിന്നർമാർക്കെതിരെയാണ് കോലി കൂടുതൽ ആക്രമകാരിയായത്. ആർ അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, രവീന്ദ്ര ജഡേജ തുടങ്ങി ഇന്ത്യയുടെ പ്രധാന സ്പിന്നർമാരെയെല്ലാം കോലി പ്രഹരിക്കുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യകതമായിരുന്നു. ഇതിന് ശേഷം പാകിസ്ഥാനെതിരെയുള്ള മത്സരത്തിൽ 35 റൺസെടുത്ത് കോലി ഇന്ത്യയുടെ ടോപ് സ്‌കോററായി മാറിയിരുന്നു.

Story Highlights: Virat kohli hits a half century against hong kong