അതിർവരമ്പുകൾ മായ്ക്കുന്ന ക്രിക്കറ്റ് സൗഹൃദങ്ങൾ; പരിക്കേറ്റ ഷഹീൻ അഫ്രീദിയെ കാണാനെത്തി കോലിയടക്കമുള്ള ഇന്ത്യൻ താരങ്ങൾ-വിഡിയോ

August 26, 2022

രാജ്യങ്ങളുടെയും സംസ്ക്കാരങ്ങളുടെയും മനസ്സുകളുടെയും അതിർത്തികളെയും അതിർവരമ്പുകളെയും മായ്ക്കുന്ന ഒന്നാണ് ക്രിക്കറ്റ്. പല രാജ്യങ്ങൾക്ക് വേണ്ടി കളിക്കുമ്പോഴും അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ് ക്രിക്കറ്റ് താരങ്ങൾ. ഇതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നവരാണ് ഇന്ത്യയിലെയും പാകിസ്ഥാനിലേയും ക്രിക്കറ്റ് താരങ്ങൾ. രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് താരങ്ങൾ തമ്മിൽ മികച്ച സൗഹൃദമാണുള്ളത്.

ഇപ്പോൾ അത്തരത്തിലൊരു സൗഹൃദ നിമിഷമാണ് സമൂഹമാധ്യമങ്ങളുടെ മനസ്സ് കവരുന്നത്. പാകിസ്ഥാന്റെ സൂപ്പർ താരം ഷഹീൻ അഫ്രീദി കാൽമുട്ടിന് പരിക്കേറ്റ് ചികിത്സയിലാണ്. ഏഷ്യ കപ്പിനുള്ള പരിശീലനത്തിനായി ഇന്ത്യൻ താരങ്ങൾ ദുബായിൽ എത്തിയപ്പോഴാണ് താരത്തെ കാണുന്നത്. മുൻ ഇന്ത്യൻ നായകൻ വിരാട് കോലി, യുസ്‌വേന്ദ്ര ചാഹൽ, കെ.എൽ.രാഹുൽ, ഋഷഭ് പന്ത് അടക്കമുള്ള ഇന്ത്യൻ താരങ്ങൾ ഷഹീനെ കാണുകയും പരിക്കിനെ പറ്റി അന്വേഷിക്കുകയും ചെയ്‌തു. എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ താരങ്ങൾ ഷഹീൻ അഫ്രീദിക്ക് ആശംസകളും നേർന്നു.

ഏഷ്യ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ഓഗസ്റ്റ് 28 ന് ദുബായിലാണ് മത്സരം നടക്കുന്നത്. ഏഷ്യ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം കൂടിയാണിത്. അതിനാൽ തന്നെ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് മത്സരത്തിനായി കാത്തിരിക്കുന്നത്. രോഹിത് ശർമ നയിക്കുന്ന ടീമിന്റെ ഉപ നായകൻ കെ.എൽ.രാഹുലാണ്.

Read More: “ആരാധകരുടെ പിന്തുണ അതിശയിപ്പിക്കുന്നത്, ഒപ്പം അഭിമാനവും..”; ആരാധകരെ പറ്റി സഞ്‌ജു സാംസൺ

ഏഷ്യ കപ്പിന് 15 അംഗ ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. ഫോമിലല്ലാത്ത കോലിക്ക് ടി 20 ലോകകപ്പിന് മുൻപേ ഫോമിലേക്ക് തിരിച്ച് വരാനുള്ള അവസരം കൂടിയാണ് ഏഷ്യ കപ്പ്. സ്പിൻ ബൗളേഴ്‌സിനെ സഹായിക്കുന്ന യുഎഇയിലെ പിച്ചിനെ കൂടി പരിഗണിച്ച് ഇന്ത്യ 4 സ്പിന്നർമാരെ ടീമിലെടുത്തിട്ടുണ്ട്. ജഡേജ ,ചാഹല്‍, രവി ബിഷ്നോയ് എന്നിവർക്കൊപ്പം വെറ്ററൻ സ്പിന്നർ അശ്വിനും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ഭുവനേശ്വർ കുമാർ നയിക്കുന്ന പേസ് നിരയിൽ കഴിഞ്ഞ വിൻഡീസ് പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ അർഷദീപ് സിംഗ്, ആവേശ് ഖാൻ എന്നിവർ ടീമിൽ ഇടംപിടിച്ചു.

Story Highlights: Virat kohli wishes for shaheen afridi