പരിശീലനത്തിൽ ബൗളർമാരെ അടിച്ചു പറത്തി കോലി; തിരിച്ചു വരവിന്റെ സൂചനകൾ നൽകി മുൻ ഇന്ത്യൻ നായകൻ
ഒരിടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മുൻ നായകൻ വിരാട് കോലി. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം വിശ്രമത്തിലായിരുന്നു കോലി. വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ നിന്ന് വിട്ട് നിന്ന താരം ഇപ്പോൾ ഏഷ്യ കപ്പിന് തിരിച്ചു വരവിനൊരുങ്ങുകയാണ്. ഏഷ്യ കപ്പിൽ വീണ്ടും ഫോം കണ്ടെത്താൻ കഴിയുമെന്നാണ് താരത്തിന്റെ ആത്മവിശ്വാസം.
ഇപ്പോൾ ഫോമിലേക്ക് തിരികെയെത്തുന്നു എന്ന സൂചന നൽകിയിരിക്കുകയാണ് വിരാട് കോലി. ഏഷ്യ കപ്പിനായുള്ള പരിശീലന സെഷനിൽ കോലി ബൗളർമാരെ ഗ്രൗണ്ടിൻ്റെ നാലുഭാഗത്തേക്കും അടിച്ചുപറത്തുന്ന വിഡിയോ പുറത്തുവന്നതോടെയാണ് ആരാധകർ പ്രതീക്ഷ വെക്കുന്നത്. ഇഎസ്പിഎൻ ക്രിക്ക്ഇൻഫോ മാധ്യമപ്രവർത്തകൻ ശശാങ്ക് കിഷോർ അടക്കമുള്ളവർ ഈ വിഡിയോ പങ്കുവച്ചിട്ടുണ്ട്. സ്പിന്നർമാർക്കെതിരെയാണ് കോലി കൂടുതൽ ആക്രമകാരിയാവുന്നത്. ആർ അശ്വിൻ, യുസ്വേന്ദ്ര ചാഹൽ, രവീന്ദ്ര ജഡേജ തുടങ്ങി ഇന്ത്യയുടെ പ്രധാന സ്പിന്നർമാരെയെല്ലാം കോലി പ്രഹരിക്കുന്നുണ്ട്.
Looking great in the nets 👌
— ESPNcricinfo (@ESPNcricinfo) August 25, 2022
Virat Kohli dealt in boundaries last night in the training session 🔥
അതേ സമയം ഏഷ്യ കപ്പിന് 15 അംഗ ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. ഫോമിലല്ലാത്ത കോലിക്ക് ടി 20 ലോകകപ്പിന് മുൻപേ ഫോമിലേക്ക് തിരിച്ച് വരാനുള്ള അവസരം കൂടിയാണ് ഏഷ്യ കപ്പ്. പരുക്കിൽ നിന്ന് മുക്തനായ കെ.എൽ.രാഹുലും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. രോഹിത് ശർമ നയിക്കുന്ന ടീമിന്റെ ഉപ നായകൻ കെ.എൽ.രാഹുലാണ്. ഈ മാസം 27 നാണ് ഏഷ്യ കപ്പ് ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ അഫ്ഗാനിസ്താനും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടും. ടൂർണമെൻ്റിൽ പാകിസ്താൻ ആണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. ഓഗസ്റ്റ് 28ന് ദുബായിൽ മത്സരം നടക്കും.
Read More: മുംബൈ നഗരത്തിലൂടെ സ്കൂട്ടർ ഓടിച്ച് കോലിയും അനുഷ്ക്കയും; അമ്പരന്ന് ആരാധകർ-വിഡിയോ
സ്പിൻ ബൗളേഴ്സിനെ സഹായിക്കുന്ന യുഎഇയിലെ പിച്ചിനെ കൂടി പരിഗണിച്ച് ഇന്ത്യ 4 സ്പിന്നർമാരെ ടീമിലെടുത്തിട്ടുണ്ട്. ജഡേജ ,ചാഹല്, രവി ബിഷ്നോയ് എന്നിവർക്കൊപ്പം വെറ്ററൻ സ്പിന്നർ അശ്വിനും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ഭുവനേശ്വർ കുമാർ നയിക്കുന്ന പേസ് നിരയിൽ കഴിഞ്ഞ വിൻഡീസ് പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ അർഷദീപ് സിംഗ്, ആവേശ് ഖാൻ എന്നിവർ ടീമിൽ ഇടംപിടിച്ചു.
Story Highlights: Virat kohli practice video goes viral