ക്യാൻസറിനോട് പോരാടുന്ന തൊണ്ണൂറുകാരിയായ മുത്തശ്ശിയുടെ സ്വപ്നം സഫലമാക്കി കൊച്ചുമകൾ; ഹൃദ്യമായൊരു കാഴ്ച

September 28, 2022

സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടാനുള്ളതാണ്. അതിന് പ്രായമോ അവശതകളോ ഒന്നും തന്നെ തടസമല്ല. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. മാഡിസൺ സ്‌ക്വയർ ഗാർഡനിലെ ഒരു കച്ചേരിക്കിടെ തന്റെ പ്രിയപ്പെട്ട സംഗീത കലാകാരനായ ഡാഡി യാങ്കിയെ കണ്ടുമുട്ടിയിരിക്കുകയാണ് ക്യാൻസറിനോട് പോരാടുന്ന 90 വയസ്സുള്ള ഒരു മുത്തശ്ശി.

ഒരു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ ഒരു കഥ പോലെയാണ് ഈ മുത്തശ്ശിയുടെ സ്വപ്നസാക്ഷാത്കാരം പങ്കുവയ്ക്കുന്നത്.കലാകാരനെ ടെലിവിഷനിൽ കണ്ട് ആരാധികയായതുമുതൽ അദ്ദേഹത്തെ നേരിൽ കാണുകയും ആശ്ലേഷിക്കുകയും ചെയ്യുന്നത് വരെ വിഡിയോയിൽ കാണാം.

മുത്തശ്ശിയുടെ കൊച്ചുമകളാണ് ഈ സർപ്രൈസ് ഒരുക്കിയത്. വിഡിയോയിൽ മുത്തശ്ശി തന്റെ കൊച്ചുമകളോടൊപ്പം കച്ചേരി ആസ്വദിക്കുന്നത് കാണാം. ഈ മുത്തശ്ശി കഴിഞ്ഞ ഒരു വർഷമായി ഗർഭാശയ ക്യാൻസറുമായി പോരാടുകയാണ്. 90 വയസ്സുള്ള ഇവർ ഉള്ളിൽ കൊണ്ടുനടന്ന വലിയ ആഗ്രഹമായിരുന്നു ഈ കൺസേർട്ട്.

ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും അതിരുകളില്ല. പലർക്കും അവരുടെ ആഗ്രഹങ്ങൾ ഉള്ളിലൊതുക്കേണ്ടി വരാറുണ്ട്. എന്നാൽ, അവയൊക്കെ സഫലമാക്കി കൊടുക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന ചില മനുഷ്യരുണ്ട്. അത്തരത്തിൽ മരണംമുന്നിൽ കണ്ട അമ്മയുടെ അവസാന ആഗ്രഹം സഫലമാക്കി നൽകിയ ഒരു മകനും അടുത്തിടെ വാർത്തകളിൽ ഇടംനേടിയിരുന്നു.

Read Also: “വാടാ..”; ചിരഞ്ജീവിയുടെ ആക്ഷൻ രംഗങ്ങളുമായി തെലുങ്ക് ലൂസിഫറിലെ ഗാനമെത്തി…

രണ്ട് വർഷം മുമ്പാണ് സ്റ്റെഫാനി നോർത്ത്കോട്ടിന് ടെർമിനൽ ക്യാൻസർ ബാധിച്ചതായി അറിയുന്നത്. മകൻ ബിരുദം നേടണമെന്നായിരുന്നു ആ അമ്മയുടെ അവസാന ആഗ്രഹം. അങ്ങനെ ഡാൽട്ടൺ എന്ന മകൻ ഏറ്റവും അതുല്യമായ രീതിയിൽ തന്നെ അമ്മയുടെ ആ ആഗ്രഹം നിറവേറ്റി. സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും സ്‌കൂളിന്റെയും സഹായത്തോടെ ഡാൾട്ടൺ തന്റെ അമ്മയ്‌ക്കായി ആശുപത്രിയിലെ ചാപ്പലിൽ ഒരു ചെറിയ ബിരുദദാന ചടങ്ങ് സംഘടിപ്പിക്കുകയായിരുന്നു.

Story highlights- 90-year-old woman battling cancer has her dream come true