ഏഷ്യാ കപ്പ്: അഫ്ഗാനിസ്താൻ പാകിസ്താൻ മത്സര വിജയിയെ കാത്ത് ടീം ഇന്ത്യ

September 7, 2022

ഏഷ്യ കപ്പിലെ മുന്നോട്ടുള്ള യാത്രയ്ക്ക് കണക്കിലെ കളികൾ അനുകൂലമാകുന്നത് കാത്തിരിക്കുകയാണ് ടീം ഇന്ത്യ. ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യക്ക് മത്സരമില്ല. പക്ഷേ, ഇന്ത്യയുടെ ഫൈനൽ പ്രവേശനത്തിന് അഫ്ഗാനിസ്താനും പാകിസ്താനും തമ്മിലുള്ള ഇന്നത്തെ മത്സരം ഏറെ നിർണായകമാവും. പാകിസ്താനെതിരെ ഇന്ന് അഫ്ഗാനിസ്താൻ ജയിച്ചെങ്കിൽ മാത്രമേ ഇന്ത്യക്ക് ഫൈനൽ പ്രവേശനത്തിനുള്ള നേരിയ സാധ്യത നിലനിൽക്കുന്നുള്ളൂ.

പാകിസ്താൻ ഈ കളി ജയിച്ചാൽ അഫ്ഗാനിസ്താനൊപ്പം ഇന്ത്യയും ഏഷ്യാ കപ്പിൽ നിന്ന് പുറത്താവും. ഏഷ്യ കപ്പിലെ നിലവിലെ ചാമ്പ്യൻമാർക്ക് കിരീടംമില്ലാതെ പുറത്താകാതെയിരിക്കണമെങ്കിൽ മറ്റു ടീമുകളെ ആശ്രയിക്കേണ്ട അവസ്ഥ. സൂപ്പർ ഫോറിൽ പാകിസ്താനും ശ്രീലങ്കയും പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യയുടെ ഫൈനൽ സാധ്യതകൾ തുലാസിലായത്. അഫ്ഗാനിസ്താൻ നേരത്തെ ശ്രീലങ്കയോട് പരാജയപ്പെട്ടിരുന്നു.

ഇതോടെ രണ്ട് ജയവുമായി ശ്രീലങ്ക ഫൈനൽ ഉറപ്പിച്ചു. ഇന്നത്തെ കളിയിൽ പാകിസ്താനെ തോല്പിക്കാൻ അഫ്ഗാനിസ്താനു സാധിച്ചാൽ ഇന്ത്യ, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നീ ടീമുകൾക്ക് ഒരു ജയം വീതമാവും. ഇന്ത്യക്ക് ഇനി അഫ്ഗാനിസ്താനുമായി മത്സരമുണ്ട്. ഈ കളി ഉയർന്ന മാർജിനിൽ ജയിക്കാൻ കഴിഞ്ഞാൽ ഇന്ത്യക്ക് ഫൈനൽ പ്രതീക്ഷ വെക്കാം. എന്നാൽ, അപ്പോഴുമുണ്ട് പ്രശ്നം. പാകിസ്താന് ഇനി ശ്രീലങ്കയുമായി കളിയുണ്ട്. ആ കളി ശ്രീലങ്ക തന്നെ ജയിക്കണം. അങ്ങനെയെങ്കിൽ ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ ഫൈനൽ കളിക്കും.

Story highlights-Asia Cup: Team India awaits winner of Afghanistan Pakistan match