ചട്ടമ്പിയുടെ രണ്ടാമത്തെ ട്രെയ്‌ലർ എത്തി; റിലീസ് സെപ്റ്റംബർ 23 ന്…

September 20, 2022

അഭിലാഷ്.എസ്.കുമാറിന്റെ സംവിധാനത്തിൽ ശ്രീനാഥ് ഭാസി നായകനാവുന്ന ചിത്രമാണ് ‘ചട്ടമ്പി.’ ആർട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറിൽ ആസിഫ് യോഗി നിർമ്മിച്ചിരിക്കുന്ന ചിത്രം സെപ്റ്റംബർ 23 നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്.

ഇപ്പോൾ ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്‌ലർ പുറത്തു വന്നിരിക്കുകയാണ്. നിഗൂഢതകൾ ഒളിപ്പിച്ച് തന്നെയാണ് ട്രെയ്‌ലർ റിലീസ് ചെയ്‌തിരിക്കുന്നത്‌. ശ്രീനാഥ്‌ ഭാസി, ഗുരു സോമസുന്ദരം, ചെമ്പൻ വിനോദ് തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങൾ ചിത്രത്തിലുണ്ടാവുമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

ചട്ടമ്പിയുടെ ആദ്യ ട്രെയ്‌ലർ നേരത്തെ തന്നെ റിലീസ് ചെയ്‌തിരുന്നു. ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്ന കറിയ എന്ന കഥാപാത്രത്തെ ചുറ്റിപറ്റിയുള്ള ആകാംക്ഷ ജനിപ്പിക്കുന്ന ഉള്ളടക്കമാണ് ട്രെയ്‌ലറിൽ ഉണ്ടായിരുന്നത്. ബോളിവുഡ് നടനും സംവിധായകനുമായ അനുരാഗ് കശ്യപാണ് ട്രെയ്‌ലർ പുറത്തുവിട്ടത്.

1990 കളിലെ ഒരു ചട്ടമ്പിയുടെ കഥ പറയുന്ന ചിത്രത്തിൽ ശ്രീനാഥ്‌ ഭാസിയെ കൂടാതെ ചെമ്പൻ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ്‌ ആന്റണി, മൈഥിലി, ആസിഫ് യോഗി തുടങ്ങിയവർ അഭിനയിക്കുന്നു. ഡോൺ പാലത്തറയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ചിത്രത്തിൻ്റെ സിനിമാറ്റോഗ്രാഫർ കൂടിയായ അലക്‌സ് ജോസഫ് ആണ്.

Read More: “ഈ യുദ്ധം ടീം വിനയൻ ജയിച്ചു..”; പത്തൊമ്പതാം നൂറ്റാണ്ടിന് വലിയ പ്രശംസയുമായി സംവിധായകൻ വി.എ.ശ്രീകുമാർ

സിറാജ്, സന്ദീപ്, ഷനിൽ, ജെസ്ന ആഷിം എന്നിവർ സഹ നിർമ്മാതാക്കൾ ആയ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിറാജ് ആണ്. സെബിൻ തോമസ് കലാ സംവിധാനവും ശേഖർ മേനോൻ സംഗീതവും നിർവഹിച്ചിരിക്കുന്നു. ജോയൽ കവിയാണ് എഡിറ്റർ. പ്രൊഡക്ഷൻ കോണ്ട്രോളർ ജിനു, പിആർഒ ആതിര. കണ്ടന്റ് ഫാക്ടറിയാണ് പിആർ സ്ട്രാറ്റജി ആൻഡ് മാർക്കറ്റിങ്. മാജിക് ഫ്രെയിംസ് ആണ് വിതരണം.

Story Highlights: Chattambi second trailer released