300 കിലോ പൂക്കൾ, 500 സ്‌ക്വയർ ഫീറ്റ് വിസ്‌തൃതി; കൊച്ചിയിൽ ഒരുങ്ങിയത് ഭീമൻ പൂക്കളം

September 8, 2022

ലോകമെങ്ങുമുള്ള മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുകയാണ്. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് മലയാളക്കരയിൽ വിപുലമായ ഓണാഘോഷങ്ങൾ പൊടിപൊടിക്കുന്നത്. വർഷങ്ങൾക്ക് ശേഷം ഓണത്തിന്റെ ആവേശവും ആഘോഷങ്ങളും തിരികയെത്തിയ ഒരോണം കൂടിയാണ് ഇത്തവണത്തേത്.

ഇപ്പോൾ ഓണാഘോഷത്തിന്റെ ഭാഗമായി കൊച്ചിയിൽ ഒരുക്കിയ ഒരു ഭീമൻ പൂക്കളമാണ് വാർത്തകളിൽ നിറയുന്നത്. കൊച്ചിയിലെ ഏറ്റവും വലിയ പുക്കളം ഒരുക്കി തിരുവോണത്തെ വരവേറ്റിരിക്കുകയാണ് ഫോർട്ട് കൊച്ചി സ്വദേശികൾ. സാന്റാ ക്രൂസ് ഗ്രൗണ്ടിൽ 500 സ്‌ക്വയർ ഫീറ്റിലാണ് സ്‌നേഹപൂക്കളം ഒരുക്കിയിരിക്കുന്നത്.

500 സ്‌ക്വയർഫീറ്റിൽ ഒറ്റ ദിവസം കൊണ്ട് തീർത്ത ഈ ഓണപ്പൂക്കളം കൊച്ചിയിലെ ഏറ്റവും വലുതാണെന്നാണ് സംഘാടകർ പറയുന്നത്. ഫോർട്ടുകൊച്ചിയിലെ സാന്റാ ക്രൂസ് ഗ്രൗണ്ടിന് നടുവിലായാണ് ഈ പൂക്കളമൊരുങ്ങിയത്. അത്തപ്പൂക്കളം ഒരുക്കാൻ ഫോർട്ടുകൊച്ചി സ്വദേശികൾക്കൊപ്പം വിദേശികളും പങ്കാളികളായി.ബാംഗ്ലൂരിൽ നിന്ന് 300 കിലോ പൂക്കളാണ് അത്തക്കളത്തിനായി ഇറക്കിയത്. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്ന് സംഘാടകർ കൂട്ടിച്ചേർത്തു. തിരുവാതിരയും ഗാനമേളയും തുടങ്ങി വിവിധ കലാപരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായി അരങ്ങേറി.

Read More: ഐക്യത്തിന്റെയും സമൃദ്ധിയുടെയും പൊന്നോണ കാലം വീണ്ടും വരവായ്; മലയാളികൾക്ക് രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ഓണാശംസകൾ

അതേ സമയം രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും ലോകമെങ്ങുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും മലയാളികൾക്ക് ഓണാശംസകൾ നേർന്നത്. മലയാളത്തിലായിരുന്നു ഇരുവരുടെയും ആശംസാസന്ദേശങ്ങൾ.

“ഏവർക്കും, പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിനും ഓണാശംസകൾ. ഈ ഉത്സവം പ്രകൃതി മാതാവിന്റെ സുപ്രധാന പങ്കിനെയും നമ്മുടെ കഠിനാധ്വാനികളായ കർഷകരുടെ പ്രാധാന്യത്തെയും വീണ്ടും ഉറപ്പിക്കുന്നു. ഓണം നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്റെ ചൈതന്യം വർദ്ധിപ്പിക്കട്ടെ”- പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

Story Highlights: Grand athappokkalam in kochi