വീണ്ടും ഇന്ത്യ-പാക്ക് പോരാട്ടം; സൂപ്പർ 4 മത്സരം നാളെ രാത്രി 7.30 ന്
ഏഷ്യ കപ്പിൽ വീണ്ടും ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്. സൂപ്പർ 4 പോരാട്ടത്തിലാണ് ഇരു ടീമുകളും നാളെ ഏറ്റുമുട്ടുന്നത്. രാത്രി 7.30 ന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാക്ക് പോരാട്ടം നടക്കുന്നത്. സൂപ്പർ താരം രവീന്ദ്ര ജഡേജ ഇല്ലാതെയാണ് ഇന്ത്യൻ ടീം നാളെ ഇറങ്ങുന്നത്.
വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഹോങ്കോംഗിനെ 155 റൺസിന് തകർത്താണ് പാകിസ്താൻ സൂപ്പർ ഫോറിൽ പ്രവേശിച്ചത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ മുഹമ്മദ് റിസ്വാൻ, ഫഖർ സമാൻ എന്നിവർ നേടിയ അർധ സെഞ്ചുറിയുടെ ബലത്തിൽ 2 വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് കൂട്ടിച്ചേർത്തിരുന്നു. എന്നാൽ മറുപടി ബാറ്റിംഗിൽ വെറും 38 റൺസ് മാത്രമാണ് ഹോങ്കോംഗിന് നേടാനായത്.
ഹോങ്കോംഗ് 10.4 ഓവറിൽ 38 റൺസിന് പുറത്തായി. പാകിസ്ഥാനെതിരെ ഹോങ്കോംഗ് ബാറ്റ്സ്മാൻമാർക്കൊന്നും രണ്ടക്കം കടക്കാനായില്ല. ഏഷ്യാ കപ്പിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറാണിത്. ടി20 ഫോർമാറ്റിൽ പാകിസ്ഥാന്റെ ഏറ്റവും വലിയ വിജയമാണിത്. ടി 20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണ് പാകിസ്ഥാൻ കുറിച്ചത്. നേരത്തെ 2007 ൽ കെനിയയെ ശ്രീലങ്ക 172 റൺസിന് പരാജയപ്പെടുത്തിയിരുന്നു.
അതേ സമയം ഹോങ്കോംഗിനെയും പാകിസ്ഥാനെയും തകർത്താണ് ഇന്ത്യ സൂപ്പർ 4 ലേക്ക് പ്രവേശിച്ചത്. പാകിസ്ഥാനെ ഇന്ത്യ 5 വിക്കറ്റിനാണ് തോൽപ്പിച്ചത്. ഹോങ്കോംഗിനെതിരെ 40 റൺസിന്റെ വിജയം ഇന്ത്യ നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു. 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹോങ്കോങിന് 5 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 41 റണ്‍സെടുത്ത ബാബര്‍ ഹയാത്താണ് ഹോങ്കോങ്ങിന്റെ ടോപ് സ്കോറര്‍.
Story Highlights: India vs pakisthan super 4 match