മലയാളക്കരയിൽ വിജയക്കൊടി പാറിച്ച് ടീം ഇന്ത്യ; വിജയം 8 വിക്കറ്റിന്

September 28, 2022

20 പന്തുകളും 8 വിക്കറ്റുകളും ബാക്കി നിൽക്കെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വമ്പൻ വിജയം നേടി ടീം ഇന്ത്യ. അർധസെഞ്ചുറികൾ നേടിയ സൂര്യകുമാർ യാദവിന്റെയും കെ.എൽ രാഹുലിന്റെയും തകർപ്പൻ പ്രകടനങ്ങളാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. ദക്ഷിണാഫ്രിക്കയുടെ 3 വിക്കറ്റുകൾ നേടിയ അർഷ്ദീപ് സിങ്ങും രണ്ട് വീതം വിക്കറ്റുകൾ നേടിയ ദീപക്ക് ചാഹറും ഹർഷൽ പട്ടേലും ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു.

നേരത്തെ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക 106 റൺസ് അടിച്ചെടുത്തത്. ഒരു ഘട്ടത്തിൽ വമ്പൻ ബാറ്റിംഗ് തകർച്ച നേരിട്ട ടീം കേശവ് മഹാരാജ്, എയ്ഡൻ മാർക്രം, വെയ്ൻ പാർനെൽ എന്നിവരുടെ മികവിലാണ് ഭേദപ്പെട്ട സ്‌കോർ നേടിയത്. കേശവ് മഹാരാജ് 41 റൺസ് നേടിയപ്പോൾ എയ്ഡൻ മാർക്രം 25 റൺസും വെയ്ൻ പാർനെൽ 24 റൺസും നേടി. ടോസ് നേടി ദക്ഷിണാഫ്രിക്കയെ ബാറ്റിങിനയച്ച നായകൻ രോഹിത് ശർമ്മയുടെ തീരുമാനം ശരി വയ്ക്കുന്ന പ്രകടനമായിരുന്നു ഇന്ത്യൻ ബൗളർമാർ പുറത്തെടുത്തത്.

ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങളാണ് ഉണ്ടായിരുന്നത്. ഹാർദിക് പാണ്ഡ്യയ്ക്കും ഭുവനേശ്വർ കുമാറിനും വിശ്രമം അനുവദിച്ചു. ഋഷഭ് പന്തിനും അർഷ്ദീപ് സിങ്ങിനും അവസരം ലഭിച്ചു. ദീപക് ചാഹർ, രവിചന്ദ്രൻ അശ്വിൻ എന്നിവർക്കും ടീമിൽ അവസരം ലഭിച്ചിരുന്നു.

Read More: സഞ്ജുവിന് ഒരു പൊൻതൂവൽ കൂടി; താരത്തിന്റെ നേത്യത്വത്തിൽ ന്യൂസീലൻഡ് എയ്‌ക്കെതിരെ പരമ്പര തൂത്തുവാരി ഇന്ത്യ എ ടീം

രോഹിത് ശർമ്മ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ദിനേശ് കാർത്തിക്, അക്സർ പട്ടേൽ, ദീപക് ചാഹർ, ഹർഷൽ പട്ടേൽ, ആർ അശ്വിൻ, അർഷ്ദീപ് സിംഗ് എന്നിവരാണ് ഇന്ത്യയ്ക്കായി ഇന്നിറങ്ങിയത്. ക്വിന്റൺ ഡി കോക്ക്, ടെംബ ബാവുമ, റൈലി റോസ്സോ, എയ്ഡൻ മർക്രം, ഡേവിഡ് മില്ലർ, ട്രിസ്റ്റൻ സ്റ്റബ്സ്, വെയ്ൻ പാർനെൽ, തബ്രെസ് ഷംസി, എൻറിക് നോർട്ട്ജെ, കാഗിസോ റബാഡ, മഹാരാജ് എന്നിവരാണ് ദക്ഷിണാഫ്രിക്കൻ പ്ലേയിംഗ് ഇലവനിൽ ഉണ്ടായിരുന്നത്.

Story Highlights: India won by 8 wickets against south africa