ജന്മദിന സമ്മാനമായി കുട്ടികൾക്ക് സൈക്കിൾ നൽകി മമ്മൂട്ടി; സമ്മാനിച്ചത് 100 ഓളം സൈക്കിളുകൾ
നാളെയാണ് മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ ജന്മദിനം. എല്ലാ തവണത്തേയും പോലെ ഈ കൊല്ലവും അദ്ദേഹത്തിന്റെ ജന്മദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങുകയാണ് ആരാധകരും പ്രേക്ഷകരും. ഇപ്പോൾ ജന്മദിനത്തോട് അനുബന്ധിച്ച് കുട്ടികള്‍ക്ക് പ്രകൃതി സൗഹൃദ സഞ്ചാരസൗകര്യമൊരുക്കി 100 സൈക്കിള്‍ സമ്മാനിച്ചിരിക്കുകയാണ് മമ്മൂട്ടി സ്ഥാപകനും മുഖ്യരക്ഷധികാരിയുമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്.
കോലഞ്ചേരി സിന്തയ്റ്റ് ഗ്രൂപ്പിന്റെ സഹകരണത്തില്‍ സംസ്ഥാനമെമ്പാടുമുള്ള തീരദേശങ്ങളിലെയും ആദിവാസി ഗ്രാമങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ശിവഗിരി മഠാധിപതി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികള്‍ ആലപ്പുഴയില്‍ നിര്‍വഹിച്ചു. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ നൂതന പദ്ധതിയുടെ ഭാഗമായാണ് സൈക്കിളുകള്‍ വിതരണം ചെയ്യുന്നത്.
കേരളത്തിലുടനീളം നിര്‍ധനരായ തീരദേശവാസികളായ കുട്ടികള്‍ക്കും ആദിവാസികളായ കുട്ടികള്‍ക്കും മുന്‍ഗണന നല്കി കൊണ്ടാണ് പദ്ധതിയുടെ വിതരണം. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന നൂറു കുട്ടികള്‍ക്ക് ആണ് ആദ്യ ഘട്ടം വിതരണം ചെയ്യുന്നത്.
അതേ സമയം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് റോഷാക്ക്. പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രമാണിത്. പേര് ഉണർത്തുന്ന കൗതുകവും നിഗൂഢതയും തന്നെയാണ് ശ്രദ്ധേയമായത്. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ഹിറ്റ് ചിത്രത്തിനുശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രം കൂടിയാണ് റോഷാക്ക്.
Read More: അമ്മയ്ക്കായി കുഞ്ഞു മറിയം സമ്മാനിച്ച കേക്ക്- ശ്രദ്ധനേടി ചിത്രങ്ങൾ
നേരത്തെ തന്നെ പുറത്തു വന്ന ചിത്രത്തിന്റെ പോസ്റ്ററുകളും മേക്കിങ് വിഡിയോയുമൊക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പുതിയൊരു പോസ്റ്റർ റിലീസ് ചെയ്തത്. മറ്റ് പോസ്റ്ററുകൾ പോലെ നിഗൂഢത ഒളിപ്പിച്ചാണ് ഈ പോസ്റ്ററും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് ആദ്യമായി ഈ പോസ്റ്ററിലൂടെ അവതരിപ്പിച്ചിരിക്കുകയാണ്.
Story Highlights: Mammootty gifts cycles to kids