അജിത്തിനൊപ്പമുള്ള ലഡാക്ക് യാത്രയിലെ കൂടുതൽ ചിത്രങ്ങൾ പങ്കുവെച്ച് മഞ്ജു വാര്യർ

September 28, 2022

തമിഴ് സൂപ്പർ താരം അജിത്തിനൊപ്പം നടി മഞ്ജു വാര്യർ നടത്തിയ ലഡാക്ക് ബൈക്ക് റൈഡിന്റെ വിശേഷങ്ങൾ നേരത്തെ തന്നെ വാർത്തകളിൽ നിറഞ്ഞിരുന്നു. അജിത്തിന്റെ ‘തുനിവ്’ എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂളിന് മുൻപുള്ള ഇടവേളയിലാണ് താരങ്ങൾ ലഡാക്കിലേക്ക് ബൈക്കിൽ യാത്രയ്ക്ക് പോയത്. ഇതിന്റെ ചിത്രങ്ങൾ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇപ്പോൾ ലഡാക്ക് യാത്രയുടെ കൂടുതൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മഞ്ജു വാര്യർ. “നിങ്ങളെ സ്വയം പിന്നിൽ ഉപേക്ഷിക്കാതെ യാത്ര സാഹസികതയാവില്ല”- ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് മഞ്ജു ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഇപ്പോൾ ഈ ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

വലിമൈക്ക് ശേഷം എച്ച്.വിനോദ് അജിത്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുനിവ്.’ ഈ ചിത്രത്തിലാണ് മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ‘അസുരൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മഞ്ജു അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് ‘തുനിവ്.’

അതേ സമയം ഉത്രാടം നാളിൽ മഞ്ജു വാര്യർ ഫ്‌ളവേഴ്‌സ് ഒരു കോടിയിലെ പ്രത്യേക അതിഥിയായി എത്തിയ എപ്പിസോഡ് വലിയ രീതിയിൽ ആരാധകർ ഏറ്റെടുത്തിരുന്നു. പ്രേക്ഷകർക്ക് ഹൃദ്യമായ ഒട്ടേറെ നിമിഷങ്ങൾക്ക് വേദി സാക്ഷ്യം വഹിച്ചിരുന്നു. വ്യക്തി ജീവിതത്തിലും സിനിമ ജീവിതത്തിലും വളരെ പ്രധാനപ്പെട്ടതെന്ന് കരുതുന്ന ഒട്ടേറെ കാര്യങ്ങൾ താരം അറിവിന്റെ വേദിയുടെ പ്രേക്ഷകർക്കായി പങ്കുവെച്ചിരുന്നു.

Read More: കല്യാണ ദിവസം കൂട്ടുകാരികളുടെ കൈതട്ടിമാറ്റി ഭാവന എന്ന് വാർത്തകൾ വന്നു- അനുഭവം പങ്കുവെച്ച് നടി

അതിൽ ഏറ്റവും ശ്രദ്ധേയമായത് നടൻ മോഹൻലാലിനൊപ്പം അഭിനയിച്ചതിനെ പറ്റി മഞ്ജു പറഞ്ഞ കാര്യങ്ങളാണ്. ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ ഇപ്പോഴും ഉള്ളിൽ പേടിയുണ്ടെന്നാണ് മഞ്‌ജു വാര്യർ പറയുന്നത്. അദ്ദേഹം കൂടെ അഭിനയിക്കുന്നവരെ ഏറെ സഹായിക്കുമെങ്കിലും ഇത്രയും വലിയ ഒരു ലെജന്റിന്റെ കൂടെയാണ് താൻ അഭിനയിക്കുന്നതെന്ന ചിന്ത പലപ്പോഴും തനിക്ക് ഉള്ളിലൊരു പരിഭ്രമം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് താരം പറയുന്നത്. എന്നാൽ അദ്ദേഹം കൂടെയുള്ള അഭിനേതാക്കളെ വളരെ കൂളാക്കുമെന്നും കുറച്ചു ദിവസങ്ങൾ കഴിയുമ്പോഴേക്കും നമുക്ക് ആ പേടിയൊക്കെ മാറുമെന്നും മഞ്‌ജു കൂട്ടിച്ചേർത്തു.

Story Highlights: Manju warrier shares more pictures from the ladakh trip