രണ്ടാം ക്ലാസുകാരി ഓണസദ്യ കഴിക്കാൻ ക്ഷണിച്ചു; ഓണമുണ്ണാൻ മന്ത്രി അപ്പൂപ്പൻ എത്തി
ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് തുടക്കമായിരിക്കുകയാണ്. കലാലയങ്ങളും സ്കൂളുകളും ഓണത്തെ വരവേറ്റ് കഴിഞ്ഞു. വളരെ രസകരമായ കൗതുകമുണർത്തുന്ന ഒരു ഓണാഘോഷത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ നിറയെ. മുള്ളറംകോട് സർക്കാർ എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം ഓണം ആഘോഷിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.
സ്ക്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി മീനാക്ഷി ‘മന്ത്രി അപ്പൂപ്പൻ ഞങ്ങൾക്കൊപ്പം ഓണമുണ്ണാൻ വരാമോ’ എന്ന് കത്തെഴുതി ചോദിച്ചതോടെയാണ് മന്ത്രി സ്കൂളിലെ ഓണാഘോഷത്തിന് എത്തിയത്. സ്ക്കൂളിൽ മന്ത്രിയെത്തിയപ്പോൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരേ പോലെ കൗതുകമായി.
കഴിഞ്ഞ ദിവസമാണ് മന്ത്രി വി ശിവന്‍കുട്ടിയെ തേടി ഒരു കത്ത് എത്തുന്നത്. ‘പ്രിയപ്പെട്ട ശിവന്‍കുട്ടി അപ്പൂപ്പന്, സുഖമാണോ മന്ത്രി അപ്പൂപ്പാ?’ എന്നു തുടങ്ങുന്ന കത്ത് അയച്ചത് തിരുവനന്തപുരം ജില്ലയിലെ മുള്ളറംകോട് ഗവര്‍മെന്റ് എല്‍പിഎസിലെ 85 രണ്ടാം ക്ലാസുകാര്‍ ചേര്‍ന്നാണ്. എല്ലാവര്ക്കും വേണ്ടി മീനാക്ഷി എന്ന വിദ്യാര്‍ത്ഥിനിയായിരുന്നു കത്തെഴുതിയത്.
കത്ത് പങ്കുവെച്ചു കൊണ്ട് മന്ത്രി ഫേസ്ബുക്കിൽ മറുപടിയും നൽകിയിരുന്നു. “എനിക്ക് ഈ ഓണക്കാലത്ത് ലഭിച്ച ഏറ്റവും മധുരമായ സമ്മാനം. തിരുവനന്തപുരം ജില്ലയിലെ മുള്ളറംകോട് ഗവർമെന്റ് എൽ പി എസിലെ രണ്ടാം ക്ലാസ്സുകാർ എന്നെ അവരുടെ സ്കൂളിലെ ഓണാഘോഷത്തിന് ക്ഷണിച്ചിരിക്കുകയാണ്. അവരയച്ച കത്തെനിക്ക് കിട്ടി. നാളെയാണ് സ്കൂളിലെ ഓണാഘോഷം. കുഞ്ഞുങ്ങളെ ഞാൻ നാളെ വരും.
നിങ്ങളോടൊത്ത് ഓണം ആഘോഷിക്കാൻ…എന്ന് സ്വന്തം മന്ത്രി അപ്പൂപ്പൻ” മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
Read More: അനുഭൂതി പകരുന്ന ആലാപനം; ഏ.ആർ. റഹ്മാന്റെ “കുൻ ഫായ കുൻ” ഗാനത്തിന് അതിമനോഹരമായ കവർ സോങ്ങുമായി ഗായകർ
Story Highlights: Minister celebrates onam with school kids