മന്ത്രി ചോറ് വിളമ്പി, സാമ്പാർ എംപിയുടെയും പപ്പടം കളക്ടറുടെയും വക; തൃശൂരിലെ ഒരു രസികൻ ഓണാഘോഷം

September 5, 2022

മലയാളക്കരയെങ്ങും ഓണാഘോഷം പൊടിപൊടിക്കുകയാണ്. വ്യത്യസ്‌തമായ ഓണാഘോഷത്തിന്റെ കാഴ്ച്ചകളാണ് സമൂഹമാധ്യമങ്ങൾ നിറയെ. ഇപ്പോൾ തൃശൂരിൽ നടന്ന ഒരു ഓണാഘോഷത്തിന്റെ വിഡിയോയാണ് കൗതുകമുണർത്തുന്നത്.

ജനപ്രതിനിധികളും കളക്ടറുമാണ് തൃശൂരിൽ നടന്ന ഓണാഘോഷത്തിന് സദ്യ വിളമ്പിയത്. മന്ത്രി കെ. രാജൻ, ടി.എൻ പ്രതാപൻ എംപി, കളക്ടർ ഹരിത വി കുമാർ എന്നിവരാണ് ഓണാഘോഷത്തിൽ പങ്കെടുത്തത്. മന്ത്രി കെ. രാജനാണ് ചോറ് വിളമ്പിയത്. ജില്ലാ കളക്ടർ ഹരിത വി കുമാർ പപ്പടം വിളമ്പിയപ്പോൾ ടി.എൻ.പ്രതാപൻ എംപി സാമ്പാറുമായി എത്തി. ഓണസദ്യയുടെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

അതേ സമയം മന്ത്രി വി.ശിവൻകുട്ടി കഴിഞ്ഞ ദിവസം പങ്കെടുത്ത ഒരു ഓണാഘോഷത്തിന്റെ വിഡിയോയും വലിയ ശ്രദ്ധ നേടിയിരുന്നു. മുള്ളറംകോട് സർക്കാർ എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം ഓണം ആഘോഷിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി. സ്ക്കൂളിലെ രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനി മീനാക്ഷി ‘മന്ത്രി അപ്പൂപ്പൻ ഞങ്ങൾക്കൊപ്പം ഓണമുണ്ണാൻ വരാമോ’ എന്ന് കത്തെഴുതി ചോദിച്ചതോടെയാണ് മന്ത്രി സ്‌കൂളിലെ ഓണാഘോഷത്തിന് എത്തിയത്. സ്ക്കൂളിൽ മന്ത്രിയെത്തിയപ്പോൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരേ പോലെ കൗതുകമായി.

Read More: കാട്ടിൽ തെക്കേതിൽ ഇനി ജലരാജാവ്; നെഹ്‌റു ട്രോഫി വള്ളംകളിയിൽ ഹാട്രിക്ക് ജയം നേടി പള്ളാത്തുരുത്തി ബോട്ട് ക്ലബ്

കത്ത് പങ്കുവെച്ചു കൊണ്ട് മന്ത്രി ഫേസ്ബുക്കിൽ മറുപടിയും നൽകിയിരുന്നു. “എനിക്ക് ഈ ഓണക്കാലത്ത് ലഭിച്ച ഏറ്റവും മധുരമായ സമ്മാനം. തിരുവനന്തപുരം ജില്ലയിലെ മുള്ളറംകോട് ഗവർമെന്റ് എൽ പി എസിലെ രണ്ടാം ക്ലാസ്സുകാർ എന്നെ അവരുടെ സ്കൂളിലെ ഓണാഘോഷത്തിന് ക്ഷണിച്ചിരിക്കുകയാണ്. അവരയച്ച കത്തെനിക്ക് കിട്ടി. നാളെയാണ് സ്കൂളിലെ ഓണാഘോഷം. കുഞ്ഞുങ്ങളെ ഞാൻ നാളെ വരും.
നിങ്ങളോടൊത്ത് ഓണം ആഘോഷിക്കാൻ…എന്ന് സ്വന്തം മന്ത്രി അപ്പൂപ്പൻ” മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Story Highlights: Minister, mp and collector serve onasadya