റോജർ ഫെഡററിന്റെ വിടവാങ്ങൽ ചടങ്ങിൽ കരച്ചിലടക്കാനാവാതെ നദാൽ, ചിത്രം പങ്കുവെച്ച് വിരാട് കോലി-വിഡിയോ

September 24, 2022

ഇതിഹാസ താരം റോജർ ഫെഡറർ ടെന്നീസിൽ നിന്ന് വിരമിച്ചു. ലേവർ കപ്പിലാണ് ഫെഡറർ വിടവാങ്ങൽ മത്സരത്തിനിറങ്ങിയത്. കളിക്കളത്തിലെ ചിരവൈരിയും പുറത്ത് ഫെഡററുടെ അടുത്ത സുഹൃത്തുമായ റാഫേൽ നദാലിനൊപ്പമാണ് ഫെഡറർ അവസാന മത്സരത്തിറങ്ങിയത്. താരത്തിന്റെ 24 വർഷം നീണ്ടുനിന്ന ടെന്നീസ് കരിയറിനാണ് ഇതോടെ അവസാനമായത്.

ഫെഡററുടെ വിടവാങ്ങൽ ചടങ്ങിനിടയിൽ കണ്ണീരടക്കാൻ പാട് പെടുന്ന റാഫേൽ നദാലിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ഇരുവരും ഒരുമിച്ച് കരയുന്ന ചിത്രങ്ങൾ ആരാധകർക്കും വലിയ നൊമ്പരമാവുകയാണ്. ഫെഡററിനും നദാലിനും ഇടയിൽ നില നിന്ന ഗാഢമായ സൗഹൃദമാണ് ചിത്രങ്ങൾ വ്യക്തമാക്കുന്നതെന്നാണ് ആരാധകർ പറയുന്നത്. ടെന്നീസിൽ ഫെഡററുടെ ഏറ്റവും വലിയ എതിരാളിയായിരുന്നെങ്കിലും വളരെ മികച്ച സൗഹൃദമാണ് ഇരുവരും തമ്മിൽ ഉണ്ടായിരുന്നത്.

ലോകമെങ്ങുമുള്ള കായിക പ്രേമികൾ ഈ ചിത്രങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്. മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയും തന്റെ ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കുവെച്ചിട്ടുണ്ട്. “ചിരവൈരികൾക്ക് പരസ്പരം ഇങ്ങനെ വികാരഭരിതരാവാൻ കഴിയുമെന്ന് ആരു കണ്ടു. അതാണ് കായികമത്സരങ്ങളുടെ സൗന്ദര്യം. എന്നെ സംബന്ധിച്ചിടത്തോളം ഇത് ഏറ്റവും സുന്ദരമായ കായിക ചിത്രമാണ്. നിങ്ങളുടെ സഹചാരികൾ നിങ്ങൾക്കൊപ്പം കരയുമ്പോൾ ദൈവം തന്ന കഴിവുകൊണ്ട് എന്തുകൊണ്ടാണ് ഇങ്ങനെ നിങ്ങൾക്ക് ചെയ്യാൻ കഴിഞ്ഞെന്ന് നിങ്ങൾക്കറിയാം. ഇരുവരോടും ബഹുമാനം.’- ചിത്രം പങ്കുവെച്ചു കൊണ്ട് കോലി കുറിച്ചു.

Read More: ‘ഭയങ്കര കെയറിംഗ് ആണ്, അതാണ് ഏട്ടന്റെ ലൈൻ’- ചാക്കോച്ചനെയും പ്രിയയെയും ട്രോളി രമേഷ് പിഷാരടി

24 വർഷത്തെ കരിയറിലാകെ 1500 ലധികം മത്സരങ്ങളാണ് ഫെഡറർ കളിച്ചത്. 41 വയസുള്ള താരത്തെ കഴിഞ്ഞ 3 വർഷമായി പരുക്കുകൾ അലോസരപ്പെടുത്തുന്നുണ്ട്. സ്വിസ് താരമായ ഫെഡറർ ലോകമെമ്പാടുമുള്ള കായിക പ്രേമികളുടെ സ്നേഹം പിടിച്ചുപറ്റിയിരുന്നു. ആകെ 20 കരിയർ ഗ്രാൻഡ്സ്ലാമുകൾ നേടിയിടുള്ള ഫെഡറർ കളിക്കളത്തിലും പുറത്തും മാന്യതയുടെയും ശാന്തതയുടെയും പ്രതീകമായിരുന്നു. തുടർച്ചയായി 237 ആഴ്ചകൾ ഒന്നാം സ്ഥാനത്ത് തുടർന്ന് റെക്കോർഡിട്ട ഫെഡറർ പുൽമൈതാനത്തിലെ രാജാവായിരുന്നു.

Story Highlights: Nadal emotional during federer retirement