25 കോടി നേടുന്ന ഭാഗ്യശാലിയെ അറിയാൻ ഇനി മണിക്കൂറുകൾ മാത്രം; ഓണം ബമ്പർ ഫലപ്രഖ്യാപനം നാളെ…

September 17, 2022

എല്ലാ വർഷവും ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പിനായി വലിയ ആകാംക്ഷയോടെ ആളുകൾ കാത്തിരിക്കാറുണ്ട്. സമ്മാനത്തുക തന്നെയാണ് ഏവരെയും ഓണം ബമ്പറിലേക്ക് ആകർഷിക്കുന്നത്. കഴിഞ്ഞ വർഷം 12 കോടി രൂപയായിരുന്നു സമ്മാനത്തുക. എന്നാൽ ഇത്തവണ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഓണം ബമ്പർ നൽകുന്നത്.

25 കോടി സമ്മാനത്തുക നൽകുന്ന ഓണം ബമ്പർ നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ടിക്കറ്റ് വിൽപന കുതിച്ചു കയറുകയാണ്. അച്ചടിച്ച അറുപത്തി ഏഴര ലക്ഷം ടിക്കറ്റുകളും വിറ്റുതീരുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറി വകുപ്പ്. ഇരുപത്തിയഞ്ച് കോടി രൂപ ഒന്നാം സമ്മാനം നേടുന്ന ഓണം ബമ്പർ ഭാഗ്യശാലിയെ നാളെ അറിയാം.

നാല് വർഷങ്ങൾക്ക് ശേഷം ഓണം വിപുലമായി ആഘോഷിച്ച മലയാളികൾ ഓണം ബമ്പറിനെയും ആവേശത്തോടെ ഏറ്റെടുത്തു. 500 രൂപയെന്ന ടിക്കറ്റ് വിലയും ആരെയും പിന്തിരിപ്പിച്ചില്ല. 25 കോടിയെന്ന സ്വപ്ന സമ്മാനത്തിനായി സാമ്പത്തിക സ്ഥിതി നോക്കാതെ ആളുകൾ ഭാഗ്യപരീക്ഷണത്തിനിറങ്ങി. അവസാന മണിക്കൂറുകളിൽ വൻ തിരക്കാണ് ലോട്ടറി കടകളിൽ കാണുന്നത്.

Read More: “അൽഫോൺസേ, ഒന്ന് ഉഷാറായിക്കേ..”; അൽഫോൺസ് പുത്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ രസകരമായ കമൻറ്റുമായി മേജർ രവി

ഓണം ബമ്പർ ചോദിച്ച് ആളുകൾ സമീപിക്കുന്നത് ചില്ലറ വിൽപനക്കാർക്കും ഊർജമായി. ഇന്നലെ വൈകുന്നേരം വരെ അറുപത്തിമൂന്ന് ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ബാക്കിയുള്ള നാലര ലക്ഷം ടിക്കറ്റുകളും ഇന്ന് വിറ്റ് പോകുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ. കഴിഞ്ഞ വർഷം 12 കോടി രൂപ ഒന്നാം സമ്മാനം നൽകിയ മൂന്നൂറ് രൂപയുടെ 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്.

Story Highlights: Onam bumper result tomorrow