കൃത്യമായി ക്രമീകരിക്കാം ഉറക്കത്തിന്റെ സമയം; സുഖമായി ഉറങ്ങാന്‍ ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍
ഉറക്കത്തിനുള്ള പ്രാധാന്യം ചെറുതല്ല. നമ്മുടെ ശരീരത്തിന്റേയും മനസ്സിന്റേയും ആരോഗ്യത്തിന് ഉറക്കം അത്യാവശ്യവുമാണ്. ശരിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ പല കാരണങ്ങള്‍ക്കൊണ്ടും ഉറക്കം നഷ്ടപ്പെടുന്നവരുണ്ട് നമുക്കിടയില്‍. ഉറക്കം സുഖകരമാക്കാന്‍ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ജോലി ഭാരവും പഠനഭാരവുമൊക്കെ മറന്ന് സുഖമായി ഒന്നു ഉറങ്ങാന്‍ പലരും തെരഞ്ഞെടുക്കുന്നത് അവധി ദിവസങ്ങളെയാണ്. എന്നാല്‍ അവധി ദിവസങ്ങളില്‍ കൂടുതല്‍ ഉറങ്ങുന്നത് അത്ര ഗുണകരമല്ല. എല്ലാ ദിവസവും ഉറങ്ങുന്നതിനു വേണ്ടിയള്ള സമയത്തില്‍ ഒരു കൃത്യത വരുത്തേണ്ടത് അത്യാവശ്യമാണ്. ഓരോ ദിവസങ്ങളിലും വിത്യസ്ത സമയങ്ങള്‍ ഉറങ്ങാന്‍ തെരഞ്ഞെടുക്കുമ്പോള്‍ ഉറക്കത്തിന്റെ താളം തെറ്റുന്നു. അതുകൊണ്ട് ഉറക്കത്തിനുള്ള സമയം കൃത്യമായി ക്രമീകരിക്കേണ്ടതുണ്ട്.
ലഹരി വസ്തുക്കളുടെയും മദ്യത്തിന്റെയുമെല്ലാം അമിതോപയോഗം ഉറക്കത്തെ ദോഷകരമായി ബാധിക്കും. ഉറക്കത്തിലേക്ക് പെട്ടെന്നു വഴുതിവീഴാന്‍ മദ്യം സഹായിക്കുമെങ്കിലും തുടര്‍ന്നുള്ള സുഖകരമായ ഉറക്കത്തെ മദ്യം തടസപ്പെടുത്തും. സുഖകരമായ ഉറക്കം ലഭിച്ചില്ലെങ്കില്‍ വരും ദിവസവും ശാരീരികമായും മാനസീകമായും ക്ഷീണം അനുഭവപ്പെടും.
ഫോണിന്റെയും കംപ്യൂട്ടറിന്റെയും അമിതോപയോഗവും സുഖകരമായ ഉറക്കത്തെ ദോഷകരമായി ബാധിക്കും. രാത്രിയില്‍ അധികസമയം ഫോണും കംപ്യൂട്ടറും ഉപയോഗിക്കുന്നത് നല്ലതല്ല. ഉറങ്ങാന്‍ ഉദ്ദേശിക്കുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും ഫോണും കംപ്യൂട്ടറും ഉപയോഗിക്കുന്നത് നിര്‍ത്തിവെയ്ക്കുന്നതാണ് കൂടുതല്‍ ഉത്തമം.
രാത്രിയില്‍ അമിതമായി ഭക്ഷണം കഴിക്കുന്നതും ആരോഗ്യകരമായ ഉറക്കത്തിന് ഗുണം ചെയ്യില്ല. അത്താഴത്തിന് ഹെവി ഫുഡ് പരമാവധി കുറയ്ക്കുന്നതാണ് നല്ലത്. അമിതാഹാരം കഴിച്ച് ഉറങ്ങാന്‍ കിടന്നാല്‍ പലപ്പോഴും നെഞ്ചരിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത്തരം അസ്വസ്ഥതകള്‍ ഉറക്കത്തെ ദോഷകരമായി ബാധിക്കും.
Story highlights- simple ways to good sleep