ഉറങ്ങി നേടിയത് അഞ്ചു ലക്ഷം രൂപ; രസകരമായ നേട്ടവുമായി 26 കാരി, മത്സരം നീണ്ടത് 100 ദിവസം…

September 6, 2022

നന്നായി ഉറങ്ങിയാൽ പൈസ ഇങ്ങോട്ട് കിട്ടും. എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം എന്നാണ് കരുതുന്നതെങ്കിൽ തെറ്റി. കൊൽക്കത്ത സ്വദേശയായ ത്രിപർണ ചക്രവർത്തി ഉറങ്ങി നേടിയത് അഞ്ചു ലക്ഷം രൂപയാണ്. കിടക്ക നിർമാതാക്കളായ ‘വെയ്ക്ക്ഫിറ്റ്’ സംഘടിപ്പിച്ച ഉറക്കമത്സരത്തിലാണ് ഈ 26 കാരി വിജയിച്ചത്.

തുടർച്ചയായി 100 ദിവസം ഒൻപതു മണിക്കൂർ ഉറങ്ങിയാണ് ത്രിപർണ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. വെയ്ക്ക്ഫിറ്റിന്റെ സ്ലീപ്പ് ഇന്റേൺഷിപ്പ് രണ്ടാം സീസണിലെ ചാമ്പ്യനായാണ് ത്രിപർണയെ തിരഞ്ഞെടുത്തിരിക്കുന്നത്. മൂന്നു മാസത്തിലേറെ നീണ്ട മത്സരമായിരുന്നു. ഒടുവിൽ നാലു പേരാണ് അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഒരു ദിവസത്തെ ലൈവ് ഉറക്കമായിരുന്നു ഫൈനൽ. അവസാന റൗണ്ടിലെത്തി ബാക്കി മൂന്നുപേരെയും ഏറെ പിന്നിലാക്കിയാണ് ത്രിപർണ ഈ ചാമ്പ്യൻപട്ടം സ്വന്തമാക്കിയത്. 95 ശതമാനം ഉറക്ക കാര്യക്ഷമതാ നിരക്കാണ് ത്രിപർണയ്ക്കുണ്ടായിരുന്നത്. ബാക്കി മൂന്ന് പേർക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനമായി നൽകി. ഇത്തവണ 5.5 ലക്ഷം പേരാണ് ഇതിനായി അപേക്ഷിച്ചത്. ആദ്യ സീസണിൽ രണ്ടു ലക്ഷത്തോളം പേരും അപേക്ഷിച്ചിരുന്നു.

Read More: എയർ ഹോസ്റ്റസായ അമ്മയ്ക്ക് ബോർഡിങ് പാസ് കൈമാറി കുഞ്ഞു യാത്രക്കാരൻ; ഹൃദ്യമായ വിഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ

ശാസ്ത്രീയമായ രീതിയിലുള്ള ഉറക്കം ആളുകളിൽ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ഇന്റേൺഷിപ്പ് രീതിയിൽ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത് എന്നാണ് വെയ്ക്ക്ഫിറ്റ് ഡയറക്ടറും സഹ സ്ഥാപകനുമായ ചൈതന്യ രാമലിംഗ ഗൗഡ പറഞ്ഞത്. ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി മത്സരാർത്ഥികൾക്ക് വിദഗ്ധരുടെ കൗൺസിലിങ് സെഷനുകളും ഫിറ്റ്‌നസ് വിദഗ്ധരുമായും ഭവനാലങ്കാര രംഗത്തെ പ്രമുഖരുമായും സംവദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

Story Highlights: Sleeping contest winner