ആകാശം തൊട്ട് ‘സ്കൈ’യുടെ സിക്‌സർ; കാര്യവട്ടം ടി 20 യിലെ സൂര്യകുമാർ യാദവിന്റെ കൂറ്റൻ സിക്‌സ്-വിഡിയോ

September 29, 2022

അർധസെഞ്ചുറി നേടിയ സൂര്യകുമാർ യാദവിന്റെ മികവിലാണ് ഇന്നലെ കാര്യവട്ടത്തെ ടി 20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ 8 വിക്കറ്റിന്റെ വിജയം നേടിയത്. മികച്ച ഫോമിലായിരുന്ന താരത്തിന്റെ പ്രകടനം ടീമിന്റെ വിജയത്തിൽ നിർണായകമായിരുന്നു.

ഇപ്പോൾ മത്സരത്തിൽ സൂര്യകുമാർ യാദവ് പറത്തിയ ഒരു കൂറ്റൻ സിക്‌സറിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പിച്ചിൽ എവിടെ പന്തെറിഞ്ഞാലും താരം സിക്‌സ് നേടുമെന്നാണ് ആരാധകർ പറയുന്നത്. 33 പന്തിലാണ് സൂര്യകുമാർ അർധസെഞ്ചുറി നേടിയത്. ഇരു ടീമിലെയും ബാറ്റർമാർ പലരും റൺസ് കണ്ടെത്താൻ വിഷമിച്ച പിച്ചിലായിരുന്നു താരത്തിന്റെ മികച്ച പ്രകടനം.

അതേ സമയം 20 പന്തുകളും 8 വിക്കറ്റുകളും ബാക്കി നിൽക്കെയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ വമ്പൻ വിജയം നേടിയത്. അർധസെഞ്ചുറികൾ നേടിയ സൂര്യകുമാർ യാദവിന്റെയും കെ.എൽ രാഹുലിന്റെയും തകർപ്പൻ പ്രകടനങ്ങളാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. ദക്ഷിണാഫ്രിക്കയുടെ 3 വിക്കറ്റുകൾ നേടിയ അർഷ്ദീപ് സിങ്ങും രണ്ട് വീതം വിക്കറ്റുകൾ നേടിയ ദീപക്ക് ചാഹറും ഹർഷൽ പട്ടേലും ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു.

Read More: സഞ്ജുവിന്റെ ഫോട്ടോ ഉയർത്തി കാണിച്ച് സൂര്യകുമാർ യാദവ്; മലയാളി ആരാധകർക്ക് ആവേശം പകർന്ന നിമിഷം-വിഡിയോ

നേരത്തെ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക 106 റൺസ് അടിച്ചെടുത്തത്. ഒരു ഘട്ടത്തിൽ വമ്പൻ ബാറ്റിംഗ് തകർച്ച നേരിട്ട ടീം കേശവ് മഹാരാജ്, എയ്ഡൻ മാർക്രം, വെയ്ൻ പാർനെൽ എന്നിവരുടെ മികവിലാണ് ഭേദപ്പെട്ട സ്‌കോർ നേടിയത്. കേശവ് മഹാരാജ് 41 റൺസ് നേടിയപ്പോൾ എയ്ഡൻ മാർക്രം 25 റൺസും വെയ്ൻ പാർനെൽ 24 റൺസും നേടി. ടോസ് നേടി ദക്ഷിണാഫ്രിക്കയെ ബാറ്റിങിനയച്ച നായകൻ രോഹിത് ശർമ്മയുടെ തീരുമാനം ശരി വയ്ക്കുന്ന പ്രകടനമായിരുന്നു ഇന്ത്യൻ ബൗളർമാർ പുറത്തെടുത്തത്.

Story Highlights: Suryakumar yadav six video