“ആല്‍ക്കഹോളിയ..”; ഹൃത്വിക് റോഷന്റെ ചടുലമായ നൃത്തച്ചുവടുകളുമായി വിക്രം വേദിയിലെ ഗാനമെത്തി…

September 17, 2022

ബോളിവുഡ് ആരാധകർ വലിയ പ്രതീക്ഷയോടെയാണ് വിക്രം വേദയുടെ റിലീസിനായി കാത്തിരിക്കുന്നത്. പുഷ്കര്‍- ​ഗായത്രി സംവിധായക ദമ്പതികള്‍ ഒരുക്കിയ ‘വിക്രം വേദ’ തമിഴിലെ ഏറ്റവും മികച്ച ത്രില്ലർ ചിത്രങ്ങളിലൊന്നായിരുന്നു. ചിത്രത്തിൽ വിജയ് സേതുപതിയും മാധവനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരേ പോലെ ഏറ്റുവാങ്ങിയ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വാർത്ത ആരാധകർക്ക് വലിയ ആവേശം നൽകിയിരുന്നു. ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇപ്പോൾ ചിത്രത്തിലെ ഒരു ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്‌തിരിക്കുകയാണ്. “ആല്‍ക്കഹോളിയ..” എന്ന ഗാനത്തിന്റെ വിഡിയോയാണ് യൂട്യൂബിൽ റിലീസ് ചെയ്‌തിരിക്കുന്നത്‌. ചടുലമായ നൃത്തച്ചുവടുകളുമായി നിറഞ്ഞു നിൽക്കുന്ന ഹൃത്വിക് റോഷനെയാണ് പാട്ടിൽ ദൃശ്യമാവുന്നത്.

നൂറിലധികം രാജ്യങ്ങളിലാണ് വിക്രം വേദ റിലീസ് ചെയ്യുന്നത്. ഇതൊരു റെക്കോർഡാണ്. സെപ്റ്റംബർ 30 ന് തന്നെ ചിത്രം ലോകമെങ്ങും റിലീസിനെത്തുമെന്നാണ് അറിയാൻ കഴിയുന്നത്.നേരത്തെ ഹിന്ദി റീമേക്കിന്റെ ചിത്രീകരണം പൂർത്തിയായി എന്ന വാർത്ത ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. നടൻ ഹൃത്വിക് റോഷൻ തന്നെയാണ് ട്വിറ്ററിലൂടെ ചിത്രത്തിന്റെ ഷൂട്ട് പാക്കപ്പ് ആയതിന്‍റെ സന്തോഷം പങ്കുവെച്ചത്. സംവിധായകരുടെ ഒപ്പമുള്ള ഹൃത്വിക് റോഷന്റെയും സെയ്ഫ് അലി ഖാന്റെയും ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.

Read More: ആരാധകരെ ആവേശത്തിലാക്കിയ സൈക്കിൾ ചേസ്; തല്ലുമാലയിലെ ത്രില്ലടിപ്പിച്ച രംഗം പുറത്തു വിട്ട് നെറ്റ്ഫ്ലിക്സ്

അതേ സമയം 2017-ൽ പ്രേക്ഷകരിലേക്കെത്തിയ തമിഴ് ചിത്രമാണ് വിക്രം വേദ. വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ എസ് ശശികാന്ത് ആയിരുന്നു ചിത്രത്തിന്റെ നിർമാണം. ആർ മാധവൻ, വിജയ് സേതുപതി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ആക്ഷൻ ത്രില്ലർ ചിത്രം തിയേറ്ററുകളിൽ മികച്ച സ്വീകാര്യത നേടി. നിരൂപക പ്രശംസകൾ നേടിയ ചിത്രം ബോക്സ് ഓഫീസ് കളക്ഷനിലും ഹിറ്റായിരുന്നു.

Story Highlights: Vikram vedha song alcoholia released