തിരിച്ചു വരവ് രാജകീയമാക്കി കിംഗ് കോലി; പാകിസ്ഥാനെതിരെ അർധ സെഞ്ചുറി

September 4, 2022

ഫോമില്ലായ്‌മയുടെ പേരിലുള്ള എല്ലാ വിമർശനങ്ങൾക്കും അന്ത്യം കുറിച്ചു കൊണ്ടിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോലി. ക്രിക്കറ്റിലേക്ക് വമ്പൻ തിരിച്ചു വരവാണ് കോലി നടത്തിയിരിക്കുന്നത്. പാകിസ്ഥാനെതിരെ നടന്നു കൊണ്ടിരിക്കുന്ന ഏഷ്യ കപ്പ് സൂപ്പർ 4 മത്സരത്തിൽ അർധ സെഞ്ചുറി നേടിയിരിക്കുകയാണ് താരം.

44 പന്തിൽ 60 റൺസെടുത്ത കോലിയാണ് ഇന്ത്യൻ ഇന്നിങ്‌സിലെ ടോപ് സ്‌കോറർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോലി നേടിയ അർധസെഞ്ചുറിയുടെ പിൻബലത്തിലാണ് 20 ഓവറിൽ 7 വിക്കറ്റിന് 181 റൺസ് നേടിയത്. കെ.എൽ രാഹുലും രോഹിത് ശർമ്മയും 28 റൺസ് വീതം നേടിയിട്ടുണ്ട്. പാകിസ്താന് വേണ്ടി ഷദാബ് 2 വിക്കറ്റ് വീഴ്ത്തി.

ഇതോടെ അന്താരാഷ്ട്ര ടി 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അർധ സെഞ്ചുറി നേടുന്ന താരമായി വിരാട് കോലി മാറി. ഇന്നത്തെ അർധ സെഞ്ചുറിയോടെ കോലിയുടെ നേട്ടം 32 ആയി. 31 അർധ സെഞ്ചുറികളുള്ള രോഹിത് ശർമ്മയെ പിന്നിലാക്കിയാണ് കോലിയുടെ നേട്ടം.

അതേ സമയം ഹോങ്കോങിനെതിരെയുള്ള മത്സരത്തിലും കോലി അർധ സെഞ്ചുറി നേടിയിരുന്നു. 40 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച കോലി 44 പന്തില്‍ 59 റണ്‍സുമായി പുറത്താകാതെ നിന്നു. മൂന്ന് സിക്സും ഒരു ഫോറും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിങ്‌സ്.

Read More: “ഒരു തലമുറയെ മുഴുവൻ പ്രചോദിപ്പിച്ചതിന് നന്ദി..”; കോലിക്ക് ജേഴ്‌സി സമ്മാനിച്ച് ഹോങ്കോങ് ടീം, ചിത്രം പങ്കുവെച്ച് താരം

താൻ ഫോമിലേക്ക് തിരികയെത്തിയെന്നുള്ള സൂചന നേരത്തെ തന്നെ കോലി നൽകിയിരുന്നു. ഏഷ്യ കപ്പിനായുള്ള പരിശീലന സെഷനിൽ കോലി ബൗളർമാരെ ഗ്രൗണ്ടിൻ്റെ നാലു ഭാഗത്തേക്കും അടിച്ചുപറത്തുന്ന വിഡിയോ പുറത്തുവന്നതോടെയാണ് ആരാധകർ കോലിയുടെ ഫോമിൽ പ്രതീക്ഷ വെച്ച് തുടങ്ങിയത്.

Story Highlights: Virat kohli half century against pakisthan