യുവരാജ് സിംഗ് സ്റ്റുവർട് ബ്രോഡിനെ പറത്തിയിട്ട് ഇന്നേക്ക് 15 വർഷം; കുഞ്ഞുമകനൊപ്പം മാച്ച് വീണ്ടും കണ്ട് താരം-വിഡിയോ
ക്രിക്കറ്റ് പ്രേമികൾ ഒരിക്കലും മറക്കാത്ത ഒരു സംഭവമാണ് 15 വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസം നടന്നത്. ആദ്യത്തെ ടി 20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ മൈതാനത്ത് യുവരാജ് സിംഗ് സംഹാര താണ്ഡവമാടുകയായിരുന്നു. ഒരോവറിൽ 6 സിക്സറുകളാണ് അന്ന് യുവിയുടെ ബാറ്റിൽ നിന്ന് പറന്നത്.
2007 സെപ്റ്റംബർ 19 നാണ് ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം വിസ്മയിപ്പിച്ച സംഭവം അരങ്ങേറുന്നത്. ഇംഗ്ലണ്ടിനെതിരെയുള്ള നോക്ക് ഔട്ട് മത്സരത്തിലാണ് യുവിയുടെ സിക്സറുകൾ പിറന്നത്. ഇംഗ്ലണ്ടിന്റെ ലോകോത്തര ബൗളറായ സ്റ്റുവർട്ട് ബ്രോഡിനെ ഒരോവറിലെ തുടർച്ചയായ 6 പന്തുകളിൽ താരം ബൗണ്ടറിക്ക് പുറത്തേക്ക് പറത്തുകയായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ആവേശവും രോമാഞ്ചവും നൽകിയ നിമിഷമായിരുന്നു അന്ന് അരങ്ങേറിയത്.
ഇപ്പോൾ 15 വർഷങ്ങൾക്ക് ശേഷം ഇതേ ദിനം തന്റെ കുഞ്ഞുമകനൊപ്പം ടിവിയിൽ ഈ നിമിഷങ്ങൾ വീണ്ടും കാണുകയാണ് യുവരാജ്. “15 വർഷങ്ങൾക്ക് ശേഷം ഇത് വീണ്ടും കാണാൻ ഇതിലും മികച്ച ഒരു പങ്കാളി വേറെ ഇല്ല..”- മകനൊപ്പം ടിവിയിൽ മാച്ച് കാണുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു കൊണ്ട് യുവരാജ് കുറിച്ചു.
അതേ സമയം കഴിഞ്ഞ ദിവസം വിരമിച്ച റോബിൻ ഉത്തപ്പയ്ക്ക് ആശംസകളേകി യുവരാജ് പങ്കുവെച്ച ചിത്രങ്ങളും ശ്രദ്ധേയമായി മാറിയിരുന്നു. ഒരുമിച്ച് ടീമിലുണ്ടായിരുന്നപ്പോഴുള്ള ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് താരം ഉത്തപ്പയ്ക്ക് ആശംസകൾ നൽകിയത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് 36 കാരനായ റോബിൻ ഉത്തപ്പ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചതായി അറിയിച്ചത്. വിരമിക്കൽ പ്രഖ്യാപിച്ച് താരം ട്വിറ്ററിൽ നീണ്ട കുറിപ്പ് പങ്കുവച്ചിരുന്നു. ദേശീയ ജഴ്സിയിൽ 46 ഏകദിനങ്ങളും 13 ടി-20കളും കളിച്ചിട്ടുള്ള ഉത്തപ്പ 2007 ടി-20 ലോകകപ്പ് ടീമിൽ അംഗമായിരുന്നു. ലോകകപ്പിൽ ഇന്ത്യ ജേതാക്കളായപ്പോൾ ചില ശ്രദ്ധേയ പ്രകടനങ്ങളും താരം നടത്തി.
Story Highlights: Yuvraj singh 6 sixes 15 years ago