പാണ്ഡ്യയും അർഷ്ദീപും എറിഞ്ഞിട്ടു; പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 160 റൺസ് വിജയലക്ഷ്യം

October 23, 2022

ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരുന്ന ഇന്ത്യ-പാകിസ്ഥാൻ ടി 20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് 160 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 159 റൺസാണ് നേടിയത്. 52 റൺസെടുത്ത് പുറത്താവാതെ നിന്ന ഷാൻ മസൂദ് ആണ് പാകിസ്താൻ്റെ ടോപ്പ് സ്കോറർ. ഇഫ്തിക്കാർ അഹ്‌മദും (51) പാകിസ്താനു വേണ്ടി തിളങ്ങി. ഇന്ത്യക്ക് വേണ്ടി അർഷ്ദീപ് സിംഗും ഹാർദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 4 ഓവറിൽ 2 വിക്കറ്റ് നഷ്‌ടത്തിൽ 17 റൺസാണ് എടുത്തിരിക്കുന്നത്.

ടോസ് നഷ്‌ടമായി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ തകർച്ചയോടെയാണ് തുടങ്ങിയത്. ടോസ് അനുകൂലമായിരുന്നെങ്കിലും കാലാവസ്ഥ പരിഗണിച്ചാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ പാകിസ്ഥാനെ ബാറ്റിങിനയച്ചത്. അർഷ്ദീപ് എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ പാകിസ്താന് ക്യാപ്റ്റൻ ബാബർ അസമിനെ നഷ്ടമായി. ഇന്നിംഗ്സിലെ നാലാം ഓവറിലെ അവസാന പന്തിൽ റിസ്വാനെയും (4) അർഷ്ദീപ് മടക്കി. ഓപ്പണർമാർ പുറത്തായതിനു ശേഷം ക്രീസിലെത്തിയ ഷാൻ മസൂദും ഇഫ്തിക്കാർ അഹ്‌മദും ചേർന്ന് സാവധാനത്തിൽ ഇന്നിംഗ്സ് കെട്ടിപ്പടുത്തു. സാവധാനം തുടങ്ങിയ ഇഫ്തിക്കാർ അഹ്‌മദ് അക്സർ പട്ടേൽ എറിഞ്ഞ പന്ത്രണ്ടാം ഓവറിൽ മൂന്ന് സിക്സർ അടക്കം 21 റൺസ് അടിച്ചുകൂട്ടി. ഓവറിലെ അവസാന പന്തിൽ ഇഫ്തിക്കാർ ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ ഇഫ്തിക്കാർ മടങ്ങി. പതിമൂന്നാം ഓവറിലെ രണ്ടാം ഓവറിൽ മുഹമ്മദ് ഷമി താരത്തെ വിക്കറ്റിനു മുന്നിൽ കുരുക്കി.

Read More: 39-മത് സംസ്ഥാന കാരം ചാമ്പ്യൻഷിപ്പിൽ ജേതാക്കളായി എറണാകുളം

ഷാൻ മസൂദ് അവസാന ഓവറുകളിൽ നടത്തിയ പോരാട്ടമാണ് പാകിസ്ഥാന് ഭേദപ്പെട്ട സ്‌കോർ നൽകിയത്. 40 പന്തിൽ ഫിഫ്റ്റി തികച്ച മസൂദ് 52 റൺസുമായി പുറത്താവാതെ നിന്നു. അവസാന ഘട്ടത്തിൽ ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫും (6 നോട്ടൗട്ട്) മികച്ച രീതിയിൽ ബാറ്റ് വീശി. 8 പന്തിൽ 16 റൺസെടുത്ത ഷഹീനെ അവസാന ഓവറിലെ രണ്ടാം പന്തിൽ ഭുവനേശ്വർ കുമാർ സ്വന്തം ബൗളിംഗിൽ പിടികൂടുകയായിരുന്നു.

Story Highlights: 160 runs winning target for india against pakisthan