കൊറിയക്കാർ ബസുകളിലോ ട്രെയിനുകളിലോ സംസാരിക്കാറില്ല- അമ്പരപ്പിക്കുന്ന സംസ്കാരിക കൗതുകങ്ങൾ..

October 19, 2022

ഇന്ന് ലോക സിനിമാപ്രേമികൾക്കിടയിലും ഫാഷൻ പ്രിയർക്കിടയിലും സംഗീതാസ്വാദകർക്കിടയിലും നിറഞ്ഞുകേൾക്കുന്ന സ്ഥലനാമമാണ് കൊറിയ. ഇന്നത്തെ ഏറ്റവും ട്രെൻഡി ഫാഷൻ ശൈലികളും സൗന്ദര്യ ബ്രാൻഡുകളും കൂടാതെ ഏറ്റവും ജനപ്രിയമായ കെ-പോപ്പ് , കെ-ഡ്രാമ താരങ്ങളും ഉള്ള സാംസ്കാരികമായി സമ്പന്നമായ രാജ്യമാണ് ദക്ഷിണ കൊറിയ. പോപ്പ് സംസ്കാരത്തിൽ ദക്ഷിണ കൊറിയയെ വെല്ലാൻ മറ്റൊരു ഇടമില്ല.

കൊറിയൻ ഡ്രാമകളിൽ കാണുന്നതുപോലെ ഒരു വേറിട്ട ലോകം തന്നെയാണ് യാഥാർത്ഥത്തിലും ദക്ഷിണ കൊറിയ. പഠനത്തിനായാലും സന്ദർശനത്തിനായാലും കൊറിയയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ അവരുടെ വൈവിധ്യമാർന്ന സംസ്കാരങ്ങളും രീതികളും അറിഞ്ഞിരിക്കേണ്ടതുണ്ട്. കാരണം, കൊറിയയിൽ എത്തിയാൽ മറ്റേത് രാജ്യത്തെ പൗരനും സ്വയം വേറിട്ടതാണെന്ന തോന്നൽ ഉളവാക്കും എന്നത് ഉറപ്പാണ്.

അവരുടെ സിനിമകൾ കാണുമ്പോൾ നമുക്ക് തോന്നാറുണ്ട്, ഇവർ എത്രയോ വർഷങ്ങൾ മുന്നോട് പോയിരിക്കുന്നു എന്ന്. എന്നാൽ, അവിടെത്തുമ്പോൾ അറിയാം ടെക്‌നോളജി, പൊതുഗതാഗതം എന്നിവയിലെല്ലാം ദക്ഷിണ കൊറിയ ഒരുപാട് ദൂരം താണ്ടിക്കഴിഞ്ഞിരിക്കുന്നു എന്നത്. നഗരങ്ങൾ ചുറ്റിക്കറങ്ങാൻ അനായാസവും വൃത്തിയുള്ളതും സൗകര്യപ്രദവുമായ പൊതുഗതാഗതം ഒരുക്കിയിട്ടുണ്ട്. ബസായാലും, ട്രെയിൻ ആയാലും, മറ്റു വാഹനങ്ങളായാലും കൃത്യനിഷ്ഠയുടെ കാര്യത്തിൽ മുൻപന്തിയിലാണ്. മാത്രമല്ല, ബസ് യാത്രകൾ പോലും ആസൂത്രണം ചെയ്യാൻ പ്രത്യേകം ആപ്പുകൾ ഉണ്ട്. സമയനിഷ്ഠ ഇവിടെയും പാലിച്ചിരിക്കും.

അതുപോലെ എല്ലാ മെട്രോ സ്റ്റേഷനുകളിലും ഭാഷ അറിയാതെ വലയും എന്ന ബുദ്ധിമുട്ട് മാറ്റുന്നതിനായി ഇംഗ്ലീഷ് സംസാരിക്കുന്ന സന്നദ്ധപ്രവർത്തകർ തയ്യാറായി നിൽക്കുന്നുണ്ടാകും. സ്വകാര്യതയെ മാനിക്കുന്നതിൽ എല്ലാ രാജ്യങ്ങളെക്കാളും മുന്നിലാണ് കൊറിയ. മറ്റുള്ളവരുടെ സ്വകാര്യത ബഹുമാനിക്കുകയും കൂടുതൽ ശ്രദ്ധാലുവായിരിക്കുകയും ചെയ്യുക എന്നത് അവരുടെ സംസ്കാരത്തിന്റെ ഭാഗമാണ്. കൊറിയക്കാർ ബസുകളിലോ ട്രെയിനുകളിലോ സംസാരിക്കില്ല. കാരണം ഇത് മറ്റുള്ളവരുടെ സ്വകാര്യതയോടുള്ള വലിയ അനാദരവായി അവർ കാണുന്നു. ഒരു ഫോൺ ചെയ്യുന്നതിൽ പോലും ഇത്തരം കാര്യങ്ങൾ ബാധകമാണ്. ഈ രീതി ജപ്പാനിലും കാണാൻ സാധിക്കും.

ബസുകളിൽ എല്ലാ രാജ്യങ്ങളിലും ഗർഭിണികൾക്കും, മുതിർന്നവർക്കും, അംഗവൈകല്യമുള്ളവർക്കുമായി പ്രത്യേകം സീറ്റുകൾ ഉണ്ടാകാറുണ്ട്. ഇന്ത്യയിൽ എല്ലാവര്ക്കും ആ സീറ്റുകളിൽ ഇരിക്കാം. അര്ഹതപ്പെട്ടവർ വരുമ്പോൾ എഴുന്നേറ്റുനൽകുക എന്നതാണ് ഇവിടെയുള്ള രീതി. എന്നാൽ കൊറിയയിൽ അങ്ങനെ ഒഴിഞ്ഞു കിടക്കുമ്പോൾ കയറി ഇരുന്നാൽ പണികിട്ടും. അവിടെ അത് അനുവദനീയമല്ല.

കൊറിയയിൽ ആളുകളെ അവരുടെ പേര് വിളിക്കുന്നത് വളരെ അനാദരവായി കണക്കാക്കപ്പെടുന്നു. കണ്ടുമുട്ടുന്ന ഒരാളെ അഭിസംബോധന ചെയ്യുമ്പോൾ പ്രത്യേകിച്ചും ജാഗ്രത പുലർത്തേണ്ടതുണ്ട്. അവരോട് താനെന്ന ചോദിച്ച് മനസിലാക്കിവേണം അഭിസംബോധന ചെയ്യാൻ ശ്രമിക്കാക്കേണ്ടത്.

Read Also: ആവേശംകൊള്ളാൻ ആർമി ഇനി 2025 വരെ കാത്തിരിക്കണം- ബിടിഎസ് യുവാക്കൾ ഇനി സൈനിക സേവനത്തിന്..

ദക്ഷിണ കൊറിയയിൽ ആളുകൾക്ക് ബന്ധം സ്ഥാപിക്കുന്നതിനുള്ള ഒരു സാധാരണ മാർഗമാണ് മദ്യപാനം. നിങ്ങൾ ഇപ്പോൾ കണ്ടുമുട്ടിയ ആളുകളുമായി സ്വതന്ത്രമായി മദ്യപിക്കുന്നത് വിചിത്രമായി തോന്നിയേക്കാം, എന്നാൽ പരസ്പരം നന്നായി അറിയാമെന്ന പ്രതീക്ഷയിൽ ഒരുമിച്ച് മദ്യപിക്കുന്നത് ഇവിടെ വളരെ സാധാരണമാണ്. അതായത്, മദ്യപാനം കൊറിയൻ സംസ്കാരത്തിൽ ഉൾച്ചേർന്നതാണ്.

Story highlights- amazing korean culture