‘അദ്ദേഹം അഭിനേതാവായിരുന്നില്ലങ്കിൽ ഒരു വിശിഷ്ട പാചക വിദഗ്ദ്ധനാവുമായിരുന്നു’- മോഹൻലാലിനെകുറിച്ച് ഷെഫ് പിള്ള
പലതരത്തിലുള്ള പാചക വിഡിയോകളും പരീക്ഷണങ്ങളുമെല്ലാം ഈ ലോക്ക്ഡൗൺ കാലത്ത് സജീവമായിരുന്നു. പലരും അങ്ങനെ താരങ്ങളുമായി. എന്നാൽ താരമായ ഒരാൾ പാചകത്തിലൂടെ വീണ്ടും തിളങ്ങിയ കാഴ്ചയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി. മറ്റാരുമല്ല, മലയാളികളുടെ പ്രിയതാരം മോഹൻലാൽ ആണ്. മുൻപ്, പ്രിയദർശന്റെ അമ്മയുടെ സ്പെഷ്യൽ വിഭവമായ കാളാഞ്ചി ഫ്രൈ മോഹൻലാൽ പങ്കുവെച്ചിരുന്നു. അതുപോലെ ചിക്കൻ വിഭവവും താരം പങ്കുവെച്ചിരുന്നു. റാം സിനിമയുടെ സെറ്റിലും നടൻ പാചകം ചെയ്യുന്ന വിഡിയോയും ചിത്രങ്ങളും ഇന്ദ്രജിത്ത് പങ്കുവെച്ചിരുന്നു.
അതിനാൽത്തന്നെ മോഹൻലാലിന് പാചകത്തോടുള്ള ഇഷ്ടം പ്രസിദ്ധമാണ്. ഇപ്പോഴിതാ, മോഹൻലാലിനെ സന്ദർശിച്ച ചിത്രങ്ങളടങ്ങുന്ന ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് പ്രസിദ്ധ ഷെഫ് സുരേഷ് പിള്ള. അഭിനേതാവായിരുന്നില്ലെങ്കിൽ ഒരുപക്ഷേ ഒരു വിശിഷ്ട പാചക വിദഗ്ദ്ധനാവുമായിരുന്നു എന്നാണ് ഷെഫ് സുരേഷ് പിള്ള പറയുന്നത്.
ഷെഫ് സുരേഷ് പിള്ളയുടെ വാക്കുകൾ;
‘മോഹൻലാലിനൊപ്പം ഒരു വൈകുന്നേരം.. ലാലേട്ടന്റെ കൊച്ചിയിലെ പുതിയ വീട്ടിൽ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച ഒരു വൈകുന്നേരം..! ഞാൻ വാതോരാതെ സിനിമയെക്കുറിച്ചും അദ്ദേഹം ഭക്ഷണത്തെക്കുറിച്ചും സംസാരിച്ച മണിക്കൂറുകൾ… നാഗവല്ലി സണ്ണിക്ക് ആഭരണങ്ങൾ വിവരിച്ച് കൊടുക്കുന്ന അതേഭാവത്തോടെ അദ്ദേഹത്തിന്റെ അടുക്കളയിലെ റാഷണൽ കോമ്പി അവ്ൻ, തെർമോമിക്സ്, japanese teppanyaki grill എന്നിവ എനിക്ക് കാണിച്ച് തന്നത്… ലാലേട്ടൻ അഭിനേതാവായിരുന്നില്ലങ്കിൽ ഒരുപക്ഷേ ഒരു വിശിഷ്ട പാചക വിദഗ്ദ്ധനാവുമായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഭക്ഷണ അറിവുകൾ കേൾക്കുമ്പോൾ എനിക്ക് തോന്നി..!! ആട്ടിറച്ചി മല്ലിയില കുറുമയും, ചെമ്മീൻ അച്ചാറും നിറയെ തേങ്ങയിട്ട ഇടിയപ്പവും അദ്ദേഹത്തോടൊപ്പം കഴിച്ചു ..മനോഹരമായ ഈ വൈകുന്നേരത്തിന് നന്ദി, ലാലേട്ടാ..’.
Read also: മമ്മൂട്ടി കമ്പനിയുടെ അടുത്ത ചിത്രം പ്രഖ്യാപിച്ചു; ജിയോ ബേബിയുടെ കാതലിൽ നായിക ജ്യോതിക
മുൻപ് കാളാഞ്ചി എന്ന മീൻ പാകം ചെയ്യുന്ന വിഡിയോയാണ് മോഹൻലാൽ പങ്കുവെച്ചത്. ഇത് സുഹൃത്തും സംവിധായകനുമായ പ്രിയദർശന്റെ അമ്മയുടെ റെസിപ്പി ആണെന്നും ഏത് മീൻ ഉപയോഗിച്ചും ഈ സ്പെഷ്യൽ ഫ്രൈ ഉണ്ടാക്കാമെന്നും മോഹൻലാൽ പറയുന്നു. ഫ്രൈഡ് സീ ബാസ് ആണ് മോഹൻലാൽ ഉണ്ടാക്കിയത്.
Story highlights- chef suresh pillai about mohanlal