മമ്മൂട്ടി കമ്പനിയുടെ അടുത്ത ചിത്രം പ്രഖ്യാപിച്ചു; ജിയോ ബേബിയുടെ കാതലിൽ നായിക ജ്യോതിക

October 18, 2022

ഒരു പിടി മികച്ച ചിത്രങ്ങളാണ് നടൻ മമ്മൂട്ടിയുടെ നിർമ്മാണക്കമ്പനിയായ മമ്മൂട്ടി കമ്പനി മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ ചിത്രമായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് വലിയ പ്രശംസ ഏറ്റുവാങ്ങുമ്പോൾ തിയേറ്ററുകളിൽ സിനിമ പ്രേക്ഷകരുടെ കൈയടി ഏറ്റുവാങ്ങി വമ്പൻ വിജയത്തിലേക്ക് നീങ്ങുകയാണ് മമ്മൂട്ടി കമ്പനി നിർമ്മിച്ച മറ്റൊരു ചിത്രമായ ‘റോഷാക്ക്.’

ഇപ്പോൾ നിർമ്മാണക്കമ്പനിയുടെ മൂന്നാം ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് നടൻ മമ്മൂട്ടി. ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതൽ’ എന്ന ചിത്രത്തിന്റെ പ്രഖ്യാപനമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. തമിഴ് നടി ജ്യോതികയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജ്യോതികയുടെ പിറന്നാള്‍ ദിനത്തിലാണ് ടൈറ്റില്‍ പോസ്റ്റർ പങ്കുവെച്ച് നടൻ മമ്മൂട്ടി ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു പഴയ ആല്‍ബത്തില്‍ നിന്നുള്ള ഇരുവരുടെയും പഴയ ഫോട്ടോയാണ് പോസ്റ്ററിലുള്ളത്. ആന്‍റണി സ്റ്റീഫന്‍ ആണ് പോസ്റ്റര്‍ ഡിസൈൻ ചെയ്‌തിരിക്കുന്നത്‌.

അതേ സമയം ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറുകയാണ് മമ്മൂട്ടി ചിത്രം ‘റോഷാക്ക്.’ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരേ പോലെ ഏറ്റുവാങ്ങി തിയേറ്ററുകളിൽ നിറഞ്ഞ സദസ്സുകളിൽ ഇപ്പോഴും പ്രദർശനം തുടരുകയാണ് റോഷാക്ക്. ചിത്രം പ്രദർശിപ്പിക്കുന്ന പല തിയേറ്ററുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മലയാളികളെ വീണ്ടും തിയേറ്ററുകളിലേക്ക് തിരികെ എത്തിക്കുകയാണ് ചിത്രം.

Read More: ഗൃഹാതുരമായ ഓർമ്മകളുണർത്തി ഒരു മനോഹര ചിത്രം; ‘ഇടം’ ഷോർട്ട് ഫിലിം ശ്രദ്ധേയമാവുന്നു

നിസാം ബഷീർ സംവിധാനം ചെയ്‌ത ചിത്രം ഇതിനകം 34 കോടി ബോക്സോഫീസിൽ നിന്ന് നേടിയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. വലിയ കൈയടിയാണ് മമ്മൂട്ടി, ബിന്ദു പണിക്കർ അടക്കമുള്ള ചിത്രത്തിലെ താരങ്ങളുടെ അഭിനയത്തിന് ലഭിക്കുന്നത്.

Story Highlights: Mammootty kampany next film