12 കോടിയിലധികം വിലമതിക്കുന്ന ഈ വീട്ടിൽ മുഴുവൻ ഡൂഡിൽ ആർട്ട് -വേറിട്ടൊരു കാഴ്ച
താമസിക്കുന്ന വീട് എങ്ങനെയായിരിക്കണം എന്നതിൽ എല്ലാവർക്കും വേറിട്ട സങ്കല്പങ്ങൾ ഉണ്ടാകും. അങ്ങനെയൊരു സ്വപ്നം തന്റെ 12 കോടി വിലമതിക്കുന്ന വീട്ടിൽ സാക്ഷാത്കരിച്ചിരിക്കുകയാണ് യുകെയിൽ നിന്നുള്ള സാം കോക്സ്. അദ്ദേഹത്തിന്റെ വീടിനെ അലങ്കരിക്കുന്നത് മോണോക്രോം ഡൂഡിലുകൾ ആണ്. അവ കാണാൻ രസകരമാണെങ്കിലും വരയ്ക്കാൻ വളരെയധികം വൈദഗ്ധ്യവും ക്ഷമയും ആവശ്യമുണ്ട്. സാം കോക്സ് അതിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഡൂഡിലിൽ പൊതിഞ്ഞ വീട് ഇങ്ങനെയാണ് ശ്രദ്ധനേടുന്നത്.
ഫർണിച്ചറുകളും പ്ലഗ് സോക്കറ്റുകളും ഉൾപ്പെടെയുള്ള ഇടങ്ങളിൽ പോലും ഇദ്ദേഹം ഡൂഡിലുകൾ വരച്ച് നിറച്ചിരിക്കുന്നു.2019-ലാണ് കോക്സ് ഈ വീട് വാങ്ങിയത്. രണ്ട് മാസത്തിന് ശേഷം, തന്റെ വീടിന് ഒരു മേക്ക് ഓവർ നൽകാൻ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ ചുവരുകൾ പൂർണമായും വെള്ളപൂശി. പിന്നാലെ തന്റെ മനസിലുള്ള ഡൂഡിൽ വീട് സാക്ഷാത്കരിക്കാനായി അദ്ദേഹം തയ്യാറെടുത്തു,
2020 സെപ്റ്റംബറിൽ ആണ് തന്റെ വീട് ഡൂഡിലുകൾ കൊണ്ട് നിറയ്ക്കാൻ ഈ 26-കാരൻ ആരംഭിച്ചത്. തന്റെ വീടിന്റെ എല്ലാ മൂലകളും കറുപ്പും വെളുപ്പും ഡൂഡിലുകൾ കൊണ്ട് അദ്ദേഹം നിറച്ചു. ബെഡ്ഷീറ്റുകളും വസ്ത്രങ്ങളുമൊക്കെയേ ഡൂഡിൽ പ്രിന്റ് ചെയ്യേണ്ടി വന്നിട്ടുള്ളൂ. ഈ വീട്ടിലെ തൊണ്ണൂറുശതമാനത്തിലധികം സാധനങ്ങളും കൈകൊണ്ട് ഡൂഡിൽ ചെയ്തതാണ്. കദേശം 12.51 കോടി വിലമതിക്കുന്ന വീട് എങ്ങനെ ഡൂഡിൽ ചെയ്യാൻ സാധിച്ചുവെന്നതിനെക്കുറിച്ച് അദ്ദേഹം പറയുന്നു “എന്റെ ഭാര്യ അലീനയാണ് എന്റെ ഡൂഡിലുകളുടെ എല്ലാ കളറിംഗ്-ഇന്നും ചെയ്യുന്നത്, പക്ഷേ വീട് കറുപ്പും വെളുപ്പും ആയിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. ഇത് കൂടുതൽ സ്വാധീനം ചെലുത്തുന്നതായി തോന്നുന്നു’.
Story highlights- doodle home