“ധൈര്യമായി ടിക്കറ്റെടുത്തോളൂ..”; മമ്മൂട്ടി ചിത്രം റോഷാക്കിന് പ്രശംസയുമായി ദുൽഖർ സൽമാൻ

October 8, 2022

പ്രേക്ഷകരുടെയും നിരൂപകരുടെയും മികച്ച പ്രതികരണം നേടി മമ്മൂട്ടിയുടെ ‘റോഷാക്ക്’ വിജയകരമായി പ്രദർശനം തുടരുകയാണ്. അമ്പരപ്പിക്കുന്ന പ്രകടനമാണ് മമ്മൂട്ടി അടക്കമുള്ള അഭിനേതാക്കൾ കാഴ്ച്ചവെച്ചതെന്നാണ് പ്രേക്ഷകരും നിരൂപകരും ഒന്നടങ്കം പറയുന്നത്. ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരികെയെത്തിയ ബിന്ദു പണിക്കരും അമ്പരപ്പിക്കുന്ന അഭിനയ മികവാണ് ചിത്രത്തിൽ പുറത്തെടുത്തിരിക്കുന്നത്.

ഇപ്പോൾ ചിത്രത്തിന് പ്രശംസയുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ ദുൽഖർ സൽമാൻ. ‘റോഷാക്കിനെക്കുറിച്ച് അത്യുജ്ജ്വലമായ കാര്യങ്ങളാണ് കേൾക്കുന്നത്. പുതുമയാർന്ന സീറ്റ് എഡ്ജ് ത്രില്ലറാണിത്. നിങ്ങളുടെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യുക’ ചിത്രത്തിലെ സ്റ്റില്ലുകൾ പങ്കുവെച്ചു കൊണ്ട് ദുൽഖർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

നേരത്തെ തന്നെ പുറത്തു വന്ന റോഷാക്കിന്റെ പോസ്റ്ററുകളും മേക്കിങ് വിഡിയോയും ട്രെയ്‌ലറുമൊക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ഹിറ്റ് ചിത്രത്തിനുശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രം കൂടിയാണ് റോഷാക്ക്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലിസ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് സമീർ അബ്ദുൾ ആണ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read More: പടവെട്ടാൻ നിവിൻ പോളി; ‘പടവെട്ട്’ ട്രെയ്‌ലർ

റോഷാക്ക് ടെസ്റ്റ് ഒരു തന്ത്രപരമായ സൈക്കോളജിക്കൽ ടെസ്റ്റാണ്. ഒരു പേപ്പറിൽ മഷി ഒഴിച്ച് നടുവേ മടക്കി നിവർത്തുമ്പോൾ രണ്ട് വശവും ഏതാണ്ട് ഒരേപോലെ തെളിയുന്ന കൃത്യതയില്ലാത്ത ചിത്രം കാണിച്ച് മുന്നിലുള്ളയാൾ അതിൽ എന്ത് കാണുന്നു എന്നതിൻ്റെ അടിസ്ഥാനത്തിൽ ചില ധാരണകൾ രേഖപ്പെടുത്തുകയും തുടർന്ന് മനഃശാസ്ത്രപരമായ വ്യാഖ്യാനമോ അല്ലെങ്കിൽ സങ്കീർണ്ണമായ അൽഗോരിതങ്ങളോ അല്ലെങ്കിൽ രണ്ടും കൂടിയോ ഉപയോഗിച്ച് അയാളെക്കുറിച്ച് കൃത്യമായ വിശകലനം ചെയ്യുന്ന ഒരു പ്രക്രിയയാണ് റോഷാക്ക്.

Story highlights: Dulquer salman praise for Rorschach