“ഇവാന് നൂറിൽ നൂറ് മാർക്ക്..”; ബ്ലാസ്റ്റേഴ്സ് കോച്ചിനെ പുകഴ്ത്തി ഐ.എം വിജയൻ
ആരാധകർ കാത്തിരുന്ന വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ ഈസ്റ്റ് ബംഗാളിനെതിരെ നേടിയത്. കലൂർ സ്റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ ഒൻപതാം സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ 3-1 നാണ് കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ തകർത്തെറിഞ്ഞത്. അഡ്രിയാൻ ലൂണയിലൂടെയാണ് കേരളത്തിൻ്റെ ആദ്യഗോൾ പിറന്നത്. പിന്നീട് ഇവാൻ കല്യൂഷ്നി ഇരട്ട ഗോൾ നേടി ബ്ലാസ്റ്റേഴ്സിന്റെ വിജയം പൂർത്തിയാക്കുകയായിരുന്നു. അലക്സിലൂടെയാണ് ഈസ്റ്റ് ബംഗാൾ ആശ്വാസ ഗോൾ കണ്ടെത്തിയത്.
ഇപ്പോൾ ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കോമനോവിച്ചിനെ പുകഴ്ത്തി ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ താരം ഐ.എം വിജയൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. ഇവാന്റെ തന്ത്രങ്ങൾക്ക് നൂറ് മാർക്ക് കൊടുക്കുന്നുവെന്നാണ് താരം പറഞ്ഞത്. ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് ശക്തരാണ് എന്നതിന്റെ സൂചനയാണ് ഇന്നലത്തെ മത്സരത്തിലെ വിജയമെന്നും ഐ.എം വിജയൻ കൂട്ടിച്ചേർത്തു.
മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് മഞ്ഞപ്പടയുടെ ആരാധകർക്ക് തങ്ങളുടെ ടീമിന്റെ മത്സരം നേരിട്ട് കാണാൻ ഇത്തവണ അവസരമൊരുങ്ങിയത്. അതിനാൽ തന്നെ ആരാധകർ വലിയ ആവേശത്തിലായിരുന്നു. വാരാന്ത്യങ്ങളിൽ കൂടുതൽ മത്സരങ്ങൾ നടക്കുന്ന രീതിയിലാണ് ഇത്തവണത്തെ ഫിക്സ്ചറുകൾ. എല്ലാ ദിവസവും മത്സരങ്ങൾ നടക്കില്ല.
Read More: “ഈ ഗോൾ എന്റെ മകൾക്ക് വേണ്ടി..”; ഗോൾ നേട്ടം മകൾക്ക് സമർപ്പിച്ച് വിതുമ്പി അഡ്രിയാൻ ലൂണ
ഈ സീസൺ മുതൽ പ്ലേ ഓഫിന് പുതിയ ഫോർമാറ്റ് നടപ്പിലാക്കും. ലീഗ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമുകൾ നേരിട്ട് സെമിഫൈനലിലെത്തും. ടേബിളിൽ 3 മുതൽ 6 സ്ഥാനത്ത് വരെ ഫിനിഷ് ചെയ്യുന്ന ടീമുകൾ തമ്മിൽ സിംഗിൾ ലെഗ് പ്ലേ ഓഫ് മത്സരം കളിച്ച് മറ്റ് രണ്ട് സെമിഫൈനലിസ്റ്റുകളെ തെരഞ്ഞെടുക്കും. കഴിഞ്ഞ സീസൺ വരെ പട്ടികയിൽ ആദ്യം ഫിനിഷ് ചെയ്യുന്ന മൂന്ന് ടീമുകൾ സെമി കളിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്.
Story Highlights: I m vijayan praises ivan vukomanovic