‘അറിയാം, കുവൈറ്റ് വിജയനല്ലേ..’ -പുതുമുഖ നടനെ വിസ്മയിപ്പിച്ച് മമ്മൂട്ടി

October 12, 2022

ഒരു കുഞ്ഞുകഥയെ ഒരുകൂട്ടം പുതുമുഖ കലാകാരന്മാരുടെ സാന്നിധ്യത്തിൽ അവതരിപ്പിച്ച ചിത്രമായിരുന്നു തിങ്കളാഴ്ച നിശ്ചയം. ഒട്ടേറെ അഭിനന്ദനങ്ങൾ നേടിയ ചിത്രം പുരസ്കാരങ്ങളും സ്വന്തമാക്കി. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും അവതരിപ്പിച്ചവരും പുതുമുഖങ്ങളും തിയേറ്റർ കലാകാരന്മാരും ആയിരുന്നു. ചിത്രത്തിൽ കുവൈറ്റ് വിജയൻ എന്ന അച്ഛൻ കഥാപാത്രത്തെ അവതരിപ്പിച്ചത് കെ യു മനോജ് ആയിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളിൽ അവസരം ലഭിച്ചിരിക്കുകയാണ് അദ്ദേഹത്തിന്. പുതിയ ചിത്രത്തിന്റെ ഡബ്ബിംഗിനിടെ ഉണ്ടായ ഒരു സംഭവം പങ്കുവയ്ക്കുകയാണ് ഇപ്പോൾ കെ യു മനോജ്.

കെ യു മനോജിന്റെ കുറിപ്പ്

എൻ്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു നിമിഷത്തെക്കുറിച്ച് നിങ്ങളുമായി പങ്ക് വെക്കാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഏറണാകുളം ലാൽ മീഡിയയിൽ “പ്രണയ വിലാസം ” എന്ന എന്റെ പുതിയ സിനിമയുടെ ഡബ്ബിങ്ങ് ആയിരുന്നു. ആദ്യ ദിനം ഡബ്ബിങ് കഴിഞ്ഞ് പിറ്റേന്ന് സ്റ്റുഡിയോയിലെത്തിയപ്പോൾ എല്ലാവരും ആരെയോ ബഹുമാനപൂർവ്വം കാത്തിരിക്കുന്ന ഒരു പ്രതീതി…
കാര്യം തിരക്കിയപ്പോൾ സന്തോഷപൂർവ്വം അറിയുന്നു സാക്ഷാൽ മമ്മൂക്ക ഡബ്ബിംഗിനായി വരുന്നു എന്ന്, സ്റ്റുഡിയോ സ്റ്റാഫ് എന്നോട് പറഞ്ഞു.. ‘സത്യം പറയാല്ലോ, കേട്ടയുടനെ എന്റെ “കിളി ” പോയി.

പിന്നെ മമ്മൂക്കയെ കാണാനുള്ള ധൃതിയായി . മമ്മൂക്ക വരുമ്പോൾ എന്നെ അറിയിക്കണേ എന്ന് സ്റ്റാഫിൽ ഒരാളെ സ്നേഹപൂർവ്വം ഏല്പിച്ച് ഞാൻ ഡബ്ബിങ് തുടർന്നു. ഇടയിലെപ്പോഴോ അയാൾ വന്ന് പറഞ്ഞു ” മമ്മൂക്ക ഡബ്ബിങ് കഴിഞ്ഞ് പുറത്തേക്കിറങ്ങാറായി. ഞാൻ ഉടൻ പുറത്തേക്ക് ഓടി . നിമിഷങ്ങൾക്കുള്ളിൽ മമ്മൂക്ക പുറത്തേക്ക് വരുന്നു. “നെറ്റിപട്ടം കെട്ടിയ ആന” എന്നൊക്കെ പറയാറില്ലേ … . ഞാൻ മെല്ലെ അടുത്ത് ചെന്നു ധൈര്യം സംഭരിച്ച് പറയുവാനൊരുങ്ങി. “മമ്മൂക്ക ഞാൻ ‘തിങ്കളാഴ്ച നിശ്ചയം’ പറഞ്ഞ് മുഴുപ്പിക്കാൻ വിടാതെ മമ്മൂക്ക പറഞ്ഞു…”ആ… മനസ്സിലായി കുവൈറ്റ് വിജയൻ …. സിനിമയിൽ കണ്ടത് പോലെ അല്ല … കാണാൻ ചെറുപ്പമാണല്ലോ… വിജയനെ പോലെ ചൂടാവുന്ന ആളാണെന്ന് പറയില്ലല്ലോ…
എന്താ ബാക്ക്ഗ്രൗണ്ട്, മുമ്പ് അഭിനയിച്ചിട്ടുണ്ടോ?”

ഞാൻ പറഞ്ഞു ‘തിയേറ്ററാണ്, പിന്നെ കുറച്ച് സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങളിൽ …..”ഖസാക്കിന്റെ ഇതിഹാസം” നാടകത്തിലുണ്ടായിരുന്നു. മമ്മൂക്ക ഏറണാകുളത്ത് വെച്ച് നാടകം കണ്ടിരുന്നു. പിന്നീട് നാടകത്തെ കുറിച്ചും സിനിമയെ കുറിച്ചും സംസാരിക്കുകയും ചെയ്തു. ഒടുവിൽ ഞാൻ പറഞ്ഞു ” മമ്മൂക്ക ഒരു ഫോട്ടോ “..വെളിയിൽ നിന്നെടുക്കാം ഇവിടെ ലൈറ്റ് കുറവാണ്. അങ്ങനെ സന്തോഷത്തോടെ മമ്മൂക്ക എനിക്ക് വേണ്ടി ഈ ഫോട്ടോയ്ക്ക് നിന്ന് തന്നു. പോകാനിറങ്ങുമ്പോൾ “പ്രിയൻ ഓട്ടത്തിലാണ് ” എന്ന സിനിമയിൽ മമ്മൂക്ക പറഞ്ഞത് പോലെ ഒരു ഡയലോഗും ” ജോർജേ, മനോജിന്റെ നമ്പർ വാങ്ങിച്ചോളൂ.”

Read Also: “കുട്ടൻസ്, ഹാപ്പി ബെർത്ത്ഡേ..”; ബാംഗ്ലൂർ ഡേയ്‌സിലെ ചിത്രം പങ്കുവെച്ച് നിവിൻ പോളിക്ക് ജന്മദിനാശംസകളുമായി ദുൽഖർ സൽമാൻ

എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ… തൊണ്ടയിലെ വെള്ളവും വറ്റി… നേരെ ക്യാബിനിൽ ചെന്ന് ഒരു കുപ്പി വെള്ളം മൊത്തം കുടിച്ചു. പോയ “കിളി” തിരിച്ച് വരാൻ വീണ്ടും സമയമെടുത്തു. ” മനോജേട്ടാ… നോക്കാം ” ക്യാബിനിൽ നിന്ന് വീണ്ടും വിളി..ഡബിങ് തുടരുമ്പോഴും ഉള്ളിൽ സന്തോഷവും … ആരാധനയും കൂടി… കൂടി വന്നു.താങ്ക്യൂ മമ്മൂക്കാ’.

Story highlights- k u manoj about mammootty