കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റിക്കെതിരെ; ആശംസകളുമായി കല്യാണി പ്രിയദർശൻ

October 28, 2022

സീസണിലെ നാലാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റിക്കെതിരെ ഇറങ്ങുന്നു. കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നില്ല. ആദ്യ മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്‌സ് പിന്നീടുള്ള രണ്ട് മത്സരങ്ങളിലും തോൽവി രുചിക്കുകയായിരുന്നു. അത് കൊണ്ട് തന്നെ സ്വന്തം കാണികൾക്ക് മുൻപിൽ ഇന്ന് ബ്ലാസ്റ്റേഴ്‌സിന് ജയിച്ചേ തീരു.

ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിന് ആശംസകൾ നേരുന്ന കല്യാണി പ്രിയദർശന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ടീമിന്റെ ജേഴ്‌സിയണിഞ്ഞാണ് കല്യാണി വിഡിയോയില്‍ വന്നത്. മുമ്പില്ലാത്തവിധം ടീമിനെ പിന്തുണയ്ക്കണമെന്നും കല്യാണി വിഡിയോയില്‍ പറയുന്നുണ്ട്. ജേഴ്‌സിയും നിറവുമാണ് മലയാളികളെ എന്നും ഒരുമിപ്പിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു. ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

അതേ സമയം കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഉദ്‌ഘാടന മത്സരത്തിൽ 3-1 നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ തകർത്തെറിഞ്ഞത്. അഡ്രിയാൻ ലൂണയിലൂടെയാണ് കേരളത്തിൻ്റെ ആദ്യഗോൾ പിറന്നത്. പിന്നീട് ഇവാൻ കല്യൂഷ്നി ഇരട്ട ഗോൾ നേടി ബ്ലാസ്റ്റേഴ്സിന്റെ വിജയം പൂർത്തിയാക്കുകയായിരുന്നു. അലക്‌സിലൂടെയാണ് ഈസ്റ്റ് ബംഗാൾ ആശ്വാസ ഗോൾ കണ്ടെത്തിയത്.

Read More: “ആരാധകർ ആവേശമാണ്, അവർക്ക് വേണ്ടി കൂടിയാണ് താരങ്ങൾ ഗ്രൗണ്ടിലിറങ്ങുന്നത്..”; ബ്ലാസ്റ്റേഴ്‌സ് ആശാൻ ഇവാൻ വുകോമനോവിച്ചുമായുള്ള 24 ന്യൂസ് എക്‌സ്ക്ലൂസീവ് ഇൻറർവ്യൂ

വാരാന്ത്യങ്ങളിൽ കൂടുതൽ മത്സരങ്ങൾ നടക്കുന്ന രീതിയിലാണ് ഇത്തവണത്തെ ഫിക്സ്ചറുകൾ. എല്ലാ ദിവസവും മത്സരങ്ങൾ നടക്കില്ല. ഈ സീസൺ മുതൽ പ്ലേ ഓഫിന് പുതിയ ഫോർമാറ്റ് നടപ്പിലാക്കും. ലീഗ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമുകൾ നേരിട്ട് സെമിഫൈനലിലെത്തും. ടേബിളിൽ 3 മുതൽ 6 സ്ഥാനത്ത് വരെ ഫിനിഷ് ചെയ്യുന്ന ടീമുകൾ തമ്മിൽ സിംഗിൾ ലെഗ് പ്ലേ ഓഫ് മത്സരം കളിച്ച് മറ്റ് രണ്ട് സെമിഫൈനലിസ്റ്റുകളെ തെരഞ്ഞെടുക്കും.

Story Highlights: Kalyani priyadarshan wishes for kerala blasters