ഒടുവിൽ കാന്താര കെജിഎഫിനെയും മറികടന്നു; ചിത്രത്തിന്റെ നേട്ടത്തെ പറ്റി ഹോംബാലെ ഫിലിംസ്

October 24, 2022

ഇന്ത്യൻ സിനിമയിൽ ചരിത്രം സൃഷ്ടിക്കുകയാണ് കന്നഡ ചിത്രം ‘കാന്താര.’ കന്നഡയിൽ ചിത്രം വമ്പൻ ഹിറ്റായി മാറിയതോടെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി അടക്കമുള്ള ഭാഷകളിൽ ചിത്രം റിലീസ് ചെയ്‌തിരുന്നു. എല്ലാ ഇൻഡസ്ട്രിയിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഇപ്പോൾ ചിത്രത്തിന്റെ ഒരു വലിയ നേട്ടത്തെ പറ്റി അറിയിച്ചിരിക്കുകയാണ് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ്. കർണാടകയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഹോംബാലെ പ്രൊഡക്ഷൻസിന്റെ ചിത്രം ആയിരിക്കുകയാണ് കാന്താര. നേരത്തെ കെജിഎഫ് 2 ആയിരുന്നു ഹോംബാലെയുടെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട ചിത്രം. കെജിഎഫിന് ലഭിച്ചതിനേക്കാൾ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നതെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്.

ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കാന്താര വലിയ ബോക്‌സോഫീസ്‌ വിജയമായി മാറിയിരിക്കുകയാണ്. നേരത്തെ ബാഹുബലി താരം പ്രഭാസ് കാന്താരയെ പ്രശംസിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായി മാറിയിരുന്നു. അവിശ്വസനീയവും അസാധാരണവുമായ തിയേറ്റർ അനുഭവമാണ് കാന്താര നൽകുന്നതെന്നാണ് പ്രഭാസ് അഭിപ്രായപ്പെട്ടത്. രണ്ട് തവണ ചിത്രം തിയേറ്ററിൽ കണ്ടുവെന്നും മികച്ച കൺസെപ്റ്റുള്ള ത്രില്ലിംഗ് അനുഭവം നൽകുന്ന കാന്താര തിയേറ്ററിൽ തന്നെ കാണേണ്ട ചിത്രമാണെന്നും പ്രഭാസ് പറഞ്ഞു.

“കാന്താര രണ്ടാം തവണയും കണ്ടു, എന്തൊരു അസാധാരണമായ അനുഭവമാണ്. മികച്ച കണ്‍സെപ്റ്റും, ത്രില്ലിംഗ് അനുഭവവും, തിയേറ്ററില്‍ തന്നെ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രം”- പ്രഭാസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

Read More: സുഹൃത്തിന് പാചക പാഠങ്ങൾ പകർന്ന് മോഹൻലാൽ- വിഡിയോ

നടൻ പൃഥ്വിരാജാണ് ചിത്രം മലയാളത്തിൽ എത്തിച്ചത്. കെജിഎഫിന്റെ രണ്ടാം ഭാഗവും പൃഥ്വിരാജ് തന്നെയാണ് കേരളത്തിൽ വിതരണം ചെയ്‌തത്. ഒക്ടോബർ 20 നാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്‌തത്.

Story Highlights: Kanthara breaks kgf record