“ഒറ്റയ്ക്ക് അടിച്ചു തന്നാടാ ഇത് വരെ എത്തിയത്..”; ആവേശമുണർത്തി പൃഥ്വിരാജിന്റെ കാപ്പയുടെ ടീസറെത്തി

October 16, 2022

ആവേശമുണർത്തി ഒടുവിൽ കാപ്പയുടെ ടീസറെത്തി. സിനിമ പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്‌തിരിക്കുന്നത്‌ നടന്റെ പിറന്നാൾ ദിനത്തിലാണെന്നത് ആരാധകർക്ക് ഇരട്ടി മധുരമാവുന്നു. മാസ്സും ആക്ഷനും നിറച്ചാണ് ചിത്രം ഒരുങ്ങിയിരിക്കുന്നതെന്നാണ് ടീസർ നൽകുന്ന സൂചന.

കടുവ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജ് സുകുമാരനും ഒന്നിക്കുന്ന ചിത്രമാണ് ‘കാപ്പ.’ പ്രഖ്യാപിച്ച സമയം മുതൽ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത് ജൂലൈ 15 നാണ്. കാപ്പയുടെ ചിത്രങ്ങളും മേക്കിങ് വിഡിയോകളുമൊക്കെ നടൻ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു. നേരത്തെ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയിരുന്നു. ‘കൊട്ട മധു’ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രങ്ങൾ വൈറലാവുകയും ചെയ്‌തിരുന്നു.

ജി.ആർ.ഇന്ദുഗോപന്റെ ‘ശംഖുമുഖി എന്ന നോവലിനെ ആസ്‌പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. തിയേറ്റർ ഓഫ് ഡ്രീംസ്, ഫെഫ്‍കെ റൈറ്റേഴ്‌സ് യൂണിയൻ എന്നിവരുടെ സഹകരണത്തിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Read More: ഇത് വരദരാജ മന്നാര്‍; പൃഥ്വിരാജിന് പിറന്നാളാശംസകളുമായി സലാർ ടീം, താരത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടു

അതേ സമയം വലിയ വരവേൽപ്പാണ് മലയാളി പ്രേക്ഷകർ കടുവയ്ക്ക് നൽകിയത്. തിയേറ്ററുകളിൽ വലിയ ആഘോഷമായി മാറിയ കടുവ മികച്ച വിജയമാണ് തിയേറ്ററുകളിൽ നേടിയത്. വിജയകരമായി പ്രദർശനം പൂർത്തിയാക്കിയ കടുവ പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു.

Story Highlights: Kappa teaser released