സിനിമയെ വെല്ലുന്ന മാസ് രംഗം; ജപ്‌തി നോട്ടീസയച്ച ബാങ്കിൽ 70 ലക്ഷം സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കൈമാറി പൂക്കുഞ്ഞ്

October 14, 2022

കഥകളെയും സിനിമകളെയും വെല്ലുന്ന ഒരു നിമിഷത്തിനാണ് കഴിഞ്ഞ ദിവസം കേരളം സാക്ഷ്യം വഹിച്ചത്. അതീവ നാടകീയമായ രംഗങ്ങളാണ് കൊല്ലം മൈനാഗപ്പള്ളി സ്വദേശി പൂക്കുഞ്ഞിന്റെ ജീവിതത്തിൽ ബുധനാഴ്ച്ച ഉണ്ടായത്. ഒരു മണിക്ക് ലോട്ടറി ടിക്കറ്റെടുത്ത് വീട്ടിലെത്തിയ പൂക്കുഞ്ഞിന് രണ്ട് മണിയായപ്പോഴേക്കും കോർപ്പറേഷൻ ബാങ്ക് കരുനാഗപ്പള്ളി കുറ്റിവട്ടം ശാഖയുടെ വായ്പ കുടിശ്ശിക ജപ്തി നോട്ടീസ് ലഭിച്ചു.

ഒന്നര മണിക്കൂറിനകം കൃത്യം മൂന്നരയ്ക്ക് എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു നിന്ന പൂക്കുഞ്ഞിനെ തേടി അവിശ്വസനീയമായ ഒരു വാർത്തയെത്തി. താനെടുത്ത കേരള അക്ഷയ ലോട്ടറിയുടെ 70 ലക്ഷം രൂപയുടെ സമ്മാനം അടിച്ചിരിക്കുന്നത് തനിക്കാണ്. വെറും മണിക്കൂറുകൾക്കുള്ളിലാണ് കടപ്പെട്ട് നിന്ന ഒരു സാധാരണക്കാരന്റെ ജീവിതം മാറി മറിഞ്ഞത്.

എന്നാൽ ശരിക്കുമുള്ള മാസ് രംഗം വരുന്നതേ ഉണ്ടായിരുന്നുള്ളു. തനിക്ക് ജപ്‌തി നോട്ടീസ് അയച്ച അതേ ബാങ്കിൽ തന്നെ സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് കൈമാറുകയായിരുന്നു പൂക്കുഞ്ഞ്. സമ്മാനം അടിച്ച ടിക്കറ്റുമായി വ്യാഴാഴ്ച രാവിലെ പൂക്കുഞ്ഞും ഭാര്യ മുംതാസും ബാങ്ക് ശാഖയിലെത്തി ടിക്കറ്റ് കൈമാറി. ഒൻപതുലക്ഷം രൂപയാണ് ഭവനവായ്പ കുടിശ്ശികയായി ബാങ്കിന് നൽകാനുള്ളത്. കൂടാതെ മറ്റ് കടങ്ങളും തീർക്കാനുണ്ട് പൂക്കുഞ്ഞിന്. ഇതെല്ലാം തീർത്ത് ചെറിയ ബിസിനസുമായി ജീവിതം ഇനി മുന്നോട്ട് നീക്കണം എന്നാണ് പൂക്കുഞ്ഞിന്റെ ആഗ്രഹം.

Read More: ഗൃഹാതുരമായ ഓർമ്മകളുണർത്തി ഒരു മനോഹര ചിത്രം; ‘ഇടം’ ഷോർട്ട് ഫിലിം ശ്രദ്ധേയമാവുന്നു

അതേ സമയം ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി എത്തിയ ഇത്തവണത്തെ ഓണം ബമ്പർ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപാണ് നേടിയത്. TJ 750605 എന്ന നമ്പർ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ലോട്ടറി ഫലം പ്രഖ്യാപിച്ച് അന്ന് വൈകുന്നേരം തന്നെ അനൂപ് ടിക്കറ്റുമായി ഭഗവതി ഏജൻസിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ എത്തിയിരുന്നു. വലിയ മാധ്യമ ശ്രദ്ധയാണ് അനൂപിന് ലഭിച്ചത്. അനൂപ് ടിക്കറ്റുമായി ഏജൻസിയിലേക്കെത്തുന്നതും മറ്റും വലിയ രീതിയിൽ മാധ്യമങ്ങൾ ആഘോഷിച്ചിരുന്നു.

Story Highlights: Lottery winner mass scene