“മാധ്യമ സുഹൃത്തുക്കൾ..”; മമ്മൂട്ടി പങ്കുവെച്ച സെൽഫി വൈറലാവുന്നു…

October 5, 2022

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ‘റോഷാക്ക്’ റിലീസിനൊരുങ്ങുകയാണ്. വലിയ പ്രതീക്ഷയാണ് ആരാധകർക്ക് ചിത്രത്തിന് മേലുള്ളത്. തീർത്തും വ്യത്യസ്‌തമായ ഒരു ചിത്രമാണിതെന്ന് നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നു. മലയാള സിനിമ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു പ്രമേയമാണ് ചിത്രത്തിനുള്ളത്. ഒക്ടോബർ 7 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടൻ മമ്മൂട്ടി മാധ്യമങ്ങളെ കണ്ടിരുന്നു. ഇതിനിടയിൽ മാധ്യമപ്രവർത്തകരോടൊപ്പം അദ്ദേഹം എടുത്ത സെൽഫിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. മമ്മൂട്ടി തന്നെയാണ് ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചത്. ‘മാധ്യമ സുഹൃത്തുക്കൾ’ എന്ന് കുറിച്ചു കൊണ്ടാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്.

നേരത്തെ തന്നെ പുറത്തു വന്ന റോഷാക്കിന്റെ പോസ്റ്ററുകളും മേക്കിങ് വിഡിയോയും ട്രെയ്‌ലറുമൊക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ഹിറ്റ് ചിത്രത്തിനുശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രം കൂടിയാണ് റോഷാക്ക്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലിസ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് സമീർ അബ്ദുൾ ആണ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read More: “തെറ്റ് പറ്റിയതാണ്, ഇത് എല്ലാവരും നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമ..”; ജയസൂര്യയുടെ ഈശോയെ പ്രശംസിച്ച് പി.സി ജോർജ്

റോഷാക്ക് ടെസ്റ്റ് ഒരു തന്ത്രപരമായ സൈക്കോളജിക്കൽ ടെസ്റ്റാണ്. ഒരു പേപ്പറിൽ മഷി ഒഴിച്ച് നടുവേ മടക്കി നിവർത്തുമ്പോൾ, രണ്ട് വശവും ഏതാണ്ട് ഒരേപോലെ തെളിയുന്ന കൃത്യതയില്ലാത്ത ചിത്രം കാണിച്ച് മുന്നിലുള്ളയാൾ അതിൽ എന്ത് കാണുന്നു എന്നതിൻ്റെ അടിസ്ഥാനത്തിൽ ചില ധാരണകൾ രേഖപ്പെടുത്തുകയും തുടർന്ന് മനഃശാസ്ത്രപരമായ വ്യാഖ്യാനമോ അല്ലെങ്കിൽ സങ്കീർണ്ണമായ അൽഗോരിതങ്ങളോ അല്ലെങ്കിൽ രണ്ടും കൂടിയോ ഉപയോഗിച്ച് അയാളെക്കുറിച്ച് കൃത്യമായ വിശകലനം ചെയ്യുന്ന ഒരു പ്രക്രിയയാണ് റോഷാക്ക്.

Story Highlights: Mammootty shares a selfie with media