“നോ സ്മോക്കിം​ഗ്..”; തിയേറ്ററുകളിൽ കൈയടി നേടി റോഷാക്ക്, വൈറൽ ചിത്രങ്ങൾ പങ്കുവെച്ച് മമ്മൂട്ടി

October 7, 2022

ഇന്ന് തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം റോഷാക്കിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. പ്രമേയത്തിലും കഥപറച്ചിൽ രീതിയിലുമുള്ള പുതുമയാണ് പ്രേക്ഷകർ എടുത്തു പറയുന്നത്. വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് മമ്മൂട്ടി അടക്കമുള്ള അഭിനേതാക്കൾ കാഴ്ച്ചവെച്ചതെന്നാണ് പ്രേക്ഷകരും നിരൂപകരും ഒന്നടങ്കം പറയുന്നത്. ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരികെയെത്തിയ ബിന്ദു പണിക്കരും അമ്പരപ്പിക്കുന്ന അഭിനയ മികവാണ് ചിത്രത്തിൽ പുറത്തെടുത്തിരിക്കുന്നത്.

ഇപ്പോൾ നടൻ മമ്മൂട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച റോഷാക്കിന്റെ ചിത്രങ്ങളാണ് വൈറലാവുന്നത്. ‘നോ സ്മോക്കിം​ഗ്’ എന്ന് കുറിച്ചു കൊണ്ടാണ് വിവിധ ​ഗെറ്റപ്പിലുള്ള ചിത്രങ്ങൾ മമ്മൂട്ടി പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോകൾക്ക് താഴെ ചിത്രത്തെ പ്രശംസിച്ചു കൊണ്ട് നിരവധി ആരാധകരാണ് കമന്റ്റ് ചെയ്‌തിരിക്കുന്നത്‌.

നേരത്തെ തന്നെ പുറത്തു വന്ന റോഷാക്കിന്റെ പോസ്റ്ററുകളും മേക്കിങ് വിഡിയോയും ട്രെയ്‌ലറുമൊക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ഹിറ്റ് ചിത്രത്തിനുശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രം കൂടിയാണ് റോഷാക്ക്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലിസ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് സമീർ അബ്ദുൾ ആണ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read More: “തെറ്റ് പറ്റിയതാണ്, ഇത് എല്ലാവരും നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമ..”; ജയസൂര്യയുടെ ഈശോയെ പ്രശംസിച്ച് പി.സി ജോർജ്

റോഷാക്ക് ടെസ്റ്റ് ഒരു തന്ത്രപരമായ സൈക്കോളജിക്കൽ ടെസ്റ്റാണ്. ഒരു പേപ്പറിൽ മഷി ഒഴിച്ച് നടുവേ മടക്കി നിവർത്തുമ്പോൾ, രണ്ട് വശവും ഏതാണ്ട് ഒരേപോലെ തെളിയുന്ന കൃത്യതയില്ലാത്ത ചിത്രം കാണിച്ച് മുന്നിലുള്ളയാൾ അതിൽ എന്ത് കാണുന്നു എന്നതിൻ്റെ അടിസ്ഥാനത്തിൽ ചില ധാരണകൾ രേഖപ്പെടുത്തുകയും തുടർന്ന് മനഃശാസ്ത്രപരമായ വ്യാഖ്യാനമോ അല്ലെങ്കിൽ സങ്കീർണ്ണമായ അൽഗോരിതങ്ങളോ അല്ലെങ്കിൽ രണ്ടും കൂടിയോ ഉപയോഗിച്ച് അയാളെക്കുറിച്ച് കൃത്യമായ വിശകലനം ചെയ്യുന്ന ഒരു പ്രക്രിയയാണ് റോഷാക്ക്.

Story Highlights: Mammootty shares Rorschach viral pics