ഒടുവിൽ മോഹൻലാൽ തന്നെ പ്രഖ്യാപിച്ചു; ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമൊരുങ്ങുന്നു…
ഇന്ത്യൻ സിനിമയുടെ അഭിമാനം വാനോളമുയർത്തിയ നടനും സംവിധായകനാണ് മോഹൻലാലും ലിജോ ജോസ് പെല്ലിശേരിയും. അത് കൊണ്ട് തന്നെ ഇരുവരും ഒരുമിക്കുന്ന ഒരു ചിത്രത്തിനായി വലിയ കാത്തിരിപ്പിലായിരുന്നു ആരാധകർ. ഇരുവരും ഒരുമിക്കുന്ന ചിത്രം ഒരുങ്ങുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇതിനെ പറ്റി ഔദ്യോഗികമായ സ്ഥിരീകരണങ്ങൾ ഒന്നും വന്നിരുന്നില്ല.
ഇപ്പോൾ നടൻ മോഹൻലാൽ തന്നെ ചിത്രത്തെ പറ്റിയുള്ള പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. “ഇന്ത്യയിലെ തന്നെ ഏറ്റവും കഴിവുറ്റ സംവിധായകരിലൊരാളായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമായിരിക്കും എന്റെ അടുത്ത സിനിമ എന്ന് അറിയിക്കുന്നതില് സന്തോഷമുണ്ട്. ജോൺ ആൻഡ് മേരി ക്രിയേറ്റിവ്, സെഞ്ചുറി ഫിലിംസ്, മാക്സ് ലാബ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.”- ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. പീരീഡ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാൽ ചെമ്പോത്ത് സൈമൺ എന്ന ഗുസ്തിക്കാരൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതിനെ പറ്റി ഇത് വരെ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല.
നേരത്തെ ചിത്രത്തെ പറ്റിയുള്ള ഒരു അപ്ഡേറ്റ് പുറത്തു വന്നിരുന്നു. ഇരുവശത്തേക്കും പിരിച്ചു വെച്ച ഒരു കൊമ്പൻ മീശയും ഒരു ബാഗുമാണ് നിർമ്മാതാക്കളായ ജോൺ ആൻഡ് മേരി ക്രിയേറ്റിവ് പങ്കുവെച്ച പോസ്റ്ററിലുണ്ടായിരുന്നത്. ആരുടെ ചിത്രമാണെന്ന് വ്യക്തമായി പറഞ്ഞിരുന്നിലെങ്കിലും മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് വരാൻ പോവുന്നതെന്ന് ഇതിലും വലിയ എന്ത് സൂചനയാണ് വേണ്ടതെന്നാണ് ആരാധകർ ചോദിച്ചത്.
“പ്രതിഭയും പ്രതിഭാസവും ഒന്നാകാൻ തീരുമാനിച്ച നല്ല നാളേക്കായി ഞങ്ങൾ കൈകോർക്കുന്നു. John and Mary Creative ബാനറിന്റെ ആദ്യ സിനിമയുമായി ഞങ്ങൾ എത്തുന്നു. ഇന്ത്യൻ സിനിമ അത്ഭുതത്തോടെ കാത്തിരിക്കുന്ന ഈ കോമ്പോ ആരാണെന്ന് ഇനി നിങ്ങൾക്കും പ്രവചിക്കാം.നന്നായി കലക്കി ഒന്നാലോചിച്ച് ഉത്തരം പറയുന്നവർക്ക് ഒരു കിടിലം സർപ്രൈസ് കാത്തിരിക്കുന്നു..ഊഹാപോഹങ്ങളുടെ കെട്ടഴിക്കുമ്പോൾ ചിലപ്പോൾ നിങ്ങളുടെ ഉത്തരവും ശരിയായേക്കാം.”- പോസ്റ്റർ പങ്കുവെച്ചു കൊണ്ട് നിർമ്മാതാക്കൾ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
Story Highlights: Mohanlal announces movie with lijo jose pellisserry