“ഇക്കാലത്തെ പെൺകുട്ടികൾക്ക് ഒരു വരുമാനം ഉള്ളത് നല്ലതാണ്..”; കൗതുകമുണർത്തി ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി

October 25, 2022

പ്രശസ്‌ത മലയാള സാഹിത്യകാരൻ എം. മുകുന്ദൻ തിരക്കഥയെഴുതിയിരിക്കുന്ന ചിത്രമാണ് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ.’ ഒരിടവേളയ്ക്ക് ശേഷം നടി ആൻ അഗസ്റ്റിൻ ചിത്രത്തിലൂടെ സിനിമയിലേക്ക് തിരികെ എത്തുകയാണ്. താരത്തിനൊപ്പം സുരാജ് വെഞ്ഞാറുമൂടും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌ ഹരികുമാറാണ്.

ഇപ്പോൾ ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തിരിക്കുകയാണ്. ഏറെ പ്രാധാന്യമുള്ള ഒരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്‌തിരിക്കുന്നതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ഏറെ നാളുകൾക്ക് ശേഷം നടൻ ജനാർദ്ദനനും ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരികെ വന്നിരിക്കുകയാണ്. സുരാജ്, ആൻ, ജനാർദ്ദനൻ എന്നിവരോടൊപ്പം മനോഹരി ജോയ്, കൈലാഷ്, സ്വാസിക, സുനിൽ സുഖദ, മഹേഷ്, നീന കുറുപ്പ്, ദേവി അജിത്ത്, കബനി എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

നേരത്തെ ചിത്രത്തിന്റെ ഒരു ഗാനം റിലീസ് ചെയ്‌തിരുന്നു. മാഹിയിൽ ചിത്രീകരണം നടന്ന സിനിമയിലെ “വാടരുതേ എൻ ഉയിരേ” എന്ന ഗാനമാണ് റിലീസ് ചെയ്‌തത്‌. ഔസേപ്പച്ചൻ സംഗീതം പകർന്ന ഗാനത്തിന്റെ വരികൾ പ്രഭ വർമ്മയുടേതാണ്. നിത്യ മാമ്മൻ ആലപിച്ചിരിക്കുന്നു.

Read More: മോഹൻലാലിൻറെ സംഗീത ആൽബം റിലീസിനൊരുങ്ങുന്നു; ഫിഫ ലോകകപ്പ് ആരാധകർക്കുള്ള സർപ്രൈസ്

തന്റെ തന്നെ കഥയായ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന കൃതിയെ ആസ്‌പദമാക്കിയാണ് എം.മുകുന്ദൻ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. അതേസമയം വിവാഹശേഷം സിനിമയില്‍ നിന്നും വിട്ട് നിന്ന ആന്‍ മലയാളികളുടെ പ്രിയ നടന്‍ അഗസ്റ്റിന്റെ മകളാണ്. അനശ്വര നടൻ സത്യന്റെ ജീവിതത്തെ പറ്റിയുള്ള ചിത്രത്തിലും ആൻ അഭിനയിക്കുന്നുണ്ട് എന്നാണ് സൂചന. ജയസൂര്യയാണ് ചിത്രത്തിൽ സത്യനായി അഭിനയിക്കുന്നത്. ദുൽഖർ സൽമാൻ നായകനായ സോളോ ആണ് ആൻ അവസാനം അഭിനയിച്ച ചിത്രം.

Story Highlights: Autorickshawkkarante bharya trailer released