ത്രില്ലടിപ്പിക്കുന്ന അനുഭവം; മോഹൻലാൽ ചിത്രം മോൺസ്റ്റർ തിയേറ്ററുകളിൽ കൈയടി നേടുന്നു

October 21, 2022

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മോൺസ്റ്റർ തിയേറ്ററുകളിൽ റിലീസ് ചെയ്‌തിരിക്കുകയാണ്. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായ പുലിമുരുകന് ശേഷം മോഹൻലാൽ-വൈശാഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമായത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് മലയാള സിനിമ പ്രേക്ഷകർ ചിത്രത്തിന് വേണ്ടി കാത്തിരുന്നത്.

ഇന്നാണ് ചിത്രം റിലീസ് ചെയ്‌തത്. മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളാണ് ചിത്രത്തിന്റെ പ്രത്യേകതയെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഫീൽ ഗുഡ് മൂഡിൽ മുന്നോട്ട് നീങ്ങുന്ന ആദ്യ പകുതിയും ത്രില്ലടിപ്പിക്കുന്ന രണ്ടാം പകുതിയും കൈയടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. നടൻ മോഹൻലാലിൻറെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

Read More: ‘കാളിദാസൻ, ദാസ്, ദാസേട്ടൻ..’- മോഹൻലാൽ നായകനാകുന്ന ‘എലോൺ’ ടീസർ എത്തി

മോഹൻലാലിനൊപ്പം ഹണി റോസ്, ലക്ഷ്‍മി മഞ്ജു, സുദേവ് നായർ തുടങ്ങിയ താരങ്ങളും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച്ചവെയ്ക്കുന്നത്. നേരത്തെ മോൺസ്റ്റർ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് തനിക്ക് നൽകിയതെന്ന് നടി ഹണി റോസ് പറഞ്ഞിരുന്നു. “എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രതീക്ഷയുള്ളതും റിലീസ് ചെയ്യാനായി കാത്തിരിക്കുന്നതുമായ സിനിമയാണിത്. എന്റെ ഇത്രയും നാളത്തെ സിനിമാ കരിയറിലെ മികച്ച കഥാപാത്രമാകും മോൺസ്റ്ററിലെ ഭാമിനി. ഇത്രയും വലിയൊരു ടീമിന്റെ കൂടെ മനോഹരമായൊരു കഥാപാത്രം അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് തന്നെയാണ് ഏറ്റവും സന്തോഷം നൽകുന്ന കാര്യം. ലാൽ സാറിന്റെ കൂടെ ഇത്രയും സ്ക്രീൻ സ്പേയ്സ് കിട്ടിയ വേറൊരു സിനിമ ഇല്ലെന്ന് തോന്നുന്നു. വൈശാഖ് സാറിന്റെ കൂടെ ആദ്യമായാണ് പ്രവർത്തിക്കുന്നത്. ആശിർവാദാണ് നിർ‌മാണം. അങ്ങനെ വലിയൊരു ടീം ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. നിങ്ങളുടെ എല്ലാ അനുഗ്രഹവും പ്രാർത്ഥനയും ഞങ്ങളോടൊപ്പം ഉണ്ടാകണം” ഹണി റോസ് പറഞ്ഞു. ഇപ്പോൾ താരത്തിന്റെ വാക്കുകളോട് യോജിക്കുകയാണ് പ്രേക്ഷകർ.

Story Highlights: Monster receives good reviews from audience