ഇനി അധ്യാപിക- വിജയദശമി ദിനത്തിൽ നൃത്ത വിദ്യാലയം ആരംഭിച്ച് നവ്യ നായർ

October 6, 2022

മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായർ. നാടൻ സൗന്ദര്യവും മുഖശ്രീയുമായി സിനിമ ലോകത്തേക്ക് നവ്യ കടന്നു വന്നത്. പിന്നീട് ഒട്ടേറെ സിനിമകളിൽ വേഷമിട്ട നവ്യ വിവാഹശേഷം സിനിമ ലോകത്ത് നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. വിവാഹ ശേഷവും നടി സിനിമയിൽ അഭിനയിച്ചെങ്കിലും സജീവമായില്ല. ഇപ്പോൾ ഒരുത്തീ എന്ന ചിത്രത്തിലൂടെ വീണ്ടും സജീവമായിരിക്കുകയാണ് നവ്യ നായർ.

ഇപ്പോഴിതാ, വിജയദശമി ദിനത്തിൽ അധ്യാപിക എന്ന നിലയിലും ചുവടുറപ്പിച്ചിരിക്കുകയാണ് നടി. മാതംഗി എന്ന പേരിൽ നവ്യ നൃത്ത വിദ്യാലയം ആരംഭിച്ചു. നവ്യ നായരുടെ കുറിപ്പ്;

‘മാതംഗിയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ഈ ശുഭദിനത്തിൽ എന്റെ പുതിയ ക്ലാസുകൾ ആരംഭിച്ചു. ശരിയായ ഉദ്ഘാടനം പിന്നീടുള്ള ഘട്ടത്തിൽ നടത്തും, അവിടെ കൂടുതൽ വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കും, എന്നാൽ ഫോക്കസ് കൂടുതൽ ലഭിക്കാൻ വേണ്ടി ഞാൻ ഇപ്പോൾ എണ്ണം കുറയ്ക്കുകയാണ്. .. ഗണേശനും നടരാജനും എന്നെയും ഈ കുട്ടികളെയും ശോഭനമായ ഭാവിക്കായി അനുഗ്രഹിക്കട്ടെ .. എന്നെ സംബന്ധിച്ചിടത്തോളം ഈ നിമിഷം വളരെ പ്രധാനമാണ്, എന്റെ ഗുരു മനു മാസ്റ്റർ പഠിപ്പിച്ചു തുടങ്ങാൻ എന്നോട് ആവശ്യപ്പെട്ടത് പോലെ, ഒരു അധ്യാപകനെന്ന നിലയിൽ എന്റെ ജീവിതത്തിന്റെ ഒരു പുതിയ ഘട്ടം (ഞാൻ എന്നെ ഗുരു എന്ന് വിളിക്കുന്നില്ല ) .. എന്റെ ഗുരു പഠിപ്പിച്ചത് എന്റെ എല്ലാ വിദ്യാർത്ഥികൾക്കും എനിക്ക് കഴിയുന്ന രീതിയിൽ ശുദ്ധമായ രൂപത്തിൽ കൈമാറാൻ ഞാൻ ആഗ്രഹിക്കുന്നു ..
ഈ കലാരൂപത്തോട് നീതി പുലർത്താൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.. സർവശക്തന് നന്ദി, എന്റെ പ്രിയ വിദ്യാർത്ഥികളോട്, നിങ്ങളുടെ പ്രായം എന്തുതന്നെയായാലും, എന്നെ വിശ്വസിക്കൂ.. എനിക്ക് കഴിയുന്ന എല്ലാ വഴികളിലൂടെയും നിങ്ങളുടെ ആത്യന്തിക വിജയത്തിനായി ഞാൻ ഉണ്ട്..’.

നവ്യ നായർ ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയ ചിത്രമാണ് ‘ഒരുത്തീ’. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ വി കെ പ്രകാശ് സംവിധാനവും എസ് സുരേഷ് ബാബു രചനയും നിർവഹിച്ച ചിത്രം ഹിറ്റായി മാറിയിരുന്നു. 6 വർഷത്തെ ഇടവേളയ്‌ക്കൊടുവിലാണ് നടി തിരികെയെത്തിയത്. ഇപ്പോൾ യൂട്യൂബ് ചാനലിലും സജീവമാണ് നവ്യ.

Read Also: അതിരുകളില്ലാത്ത അമ്മയുടെ സ്നേഹം; സൈക്കിളിൽ തന്റെ കുഞ്ഞിനെ ചേർത്ത് വെച്ച് ഒരമ്മ-വിഡിയോ

ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നവ്യ യുവജനോത്സവ വേദിയിൽ നിന്നുമാണ് സിനിമയിൽ എത്തിയത്. യുവജനോത്സവ വേദിയിൽ നിന്നും സിനിമയിലേക്ക് അരങ്ങേറിയ അവസാന നായിക എന്ന് വേണമെങ്കിൽ നവ്യ നായരെ വിശേഷിപ്പിക്കാം. 2010 ൽ വിവാഹിതയായ നവ്യക്ക് ഒരു മകനാണുള്ളത്, സായ് കൃഷ്ണ. മകനൊപ്പമുള്ള നിമിഷങ്ങൾ നവ്യ സ്ഥിരമായി ആരാധകരുമായി പങ്കിടാറുണ്ട്.

Story highlights- navya nair started dance school