11 ദിവസങ്ങൾ കൊണ്ട് 400 കോടി; ബോക്സോഫീസിൽ ചരിത്രം കുറിച്ച് പൊന്നിയിൻ സെൽവൻ

October 12, 2022

ബോക്സോഫീസിൽ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മണി രത്നത്തിന്റെ പൊന്നിയിൻ സെൽവൻ. റീലീസ് ചെയ്‌ത്‌ വെറും 11 ദിവസങ്ങൾ കൊണ്ട് 400 കോടിയാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് ചിത്രം നേടിയിരിക്കുന്നത്. നിർമ്മാതാക്കളായ ലൈക്കാ പ്രൊഡക്ഷൻസ് തന്നെയാണ് കളക്ഷനെ പറ്റിയുള്ള വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ് മണി രത്നത്തിന്റെ പൊന്നിയിൻ സെൽവൻ. ബോക്സോഫീസിൽ ചരിത്രം കുറിച്ചതിനൊപ്പം പ്രേക്ഷകരുടെയും നിരൂപകരുടെയും ഭാഗത്ത് നിന്ന് വലിയ പ്രശംസയും ചിത്രത്തിന് ലഭിച്ചിരുന്നു. ആദ്യ ദിനം തന്നെ മികച്ച കളക്ഷൻ നേടിയ ചിത്രം വമ്പൻ ഓപ്പണിങ് വീക്കെൻഡ് കളക്ഷനും നേടിയിരുന്നു.

ലോക സിനിമയിലെ തന്നെ പ്രശസ്‌ത സംവിധായകരിലൊരാളായ മണി രത്നത്തിന്റെ സ്വപ്‌ന സിനിമയാണ് പൊന്നിയിൻ സെൽവൻ. 500 കോടി രൂപ മുതൽ മുടക്കിലൊരുങ്ങിയ ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. ഒരു ബ്രഹ്മാണ്ഡ സിനിമയായി ഒരുങ്ങിയ ചിത്രം വലിയൊരു ദൃശ്യവിസ്മയമാണ് പ്രേക്ഷകർക്കായി ഒരുക്കിവെച്ചത്.

Read More: ടൊവിനോ തോമസിന്റെ നായികയായി കൃതി ഷെട്ടി- ‘അജയന്റെ രണ്ടാം മോഷണം’ ചിത്രീകരണം തുടങ്ങി

വമ്പൻ താരനിര അണിനിരന്നിരിക്കുന്ന ചിത്രത്തിൽ വിക്രം, കാർത്തി, ഐശ്വര്യ റായ്, ജയം രവി, പാർത്ഥിപൻ, സത്യരാജ്, തൃഷ, ജയറാം, ശോഭിതാ ദുലിപാല, ഐശ്വര്യ ലക്ഷ്‌മി, ജയചിത്ര, റഹ്മാൻ, പ്രഭു, ശരത് കുമാർ, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നുണ്ട്. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും ഗാനത്തിന്റെ ലിറിക്കൽ വിഡിയോകളും കഥാപാത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളുമെല്ലാം വമ്പൻ ഹിറ്റായി മാറിയിരുന്നു.

Story Highlights: Ponniyin selvan record collection at box office