അത്ര കൂളല്ലാത്ത ദ്രാവിഡ്; ഇന്ത്യയുടെ വിജയത്തിൽ മതിമറന്നാഘോഷിക്കുന്ന ദ്രാവിഡിന്റെ വിഡിയോ വൈറലാവുന്നു

October 24, 2022

സമാനതകളില്ലാത്ത മത്സരമായിരുന്നു ഇന്നലെ മെൽബണിൽ നടന്നത്. തകർപ്പൻ വിജയമാണ് ടി 20 ലോകകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യ ഇന്നലെ നേടിയത്. 4 വിക്കറ്റിനാണ് പാകിസ്ഥാനെതിരെ ഇന്ത്യ വിജയം കൊയ്‌തത്. 160 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ അവസാന പന്തിലാണ് വിജയറൺ നേടിയത്. 53 പന്തില്‍ 82 റണ്‍സുമായി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത്. 40 റൺസെടുത്ത ഹാർദിക് പാണ്ഡ്യ മികച്ച പിന്തുണയാണ് കോലിക്ക് നൽകിയത്.

ഇപ്പോൾ മത്സരശേഷമുള്ള ഇന്ത്യൻ ക്രിക്കറ്റ് കോച്ച് രാഹുൽ ദ്രാവിഡിന്റെ ആഘോഷമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. പൊതുവെ ശാന്തനായ ദ്രാവിഡ് ഇന്നലെ ടീമിന്റെ വിജയത്തിന് ശേഷം മതിമറന്ന് ആഘോഷിക്കുന്നതാണ് കണ്ടത്. മത്സരത്തിൽ വമ്പൻ പ്രകടനം കാഴ്ച്ചവെച്ച വിരാട് കോലിയെ ദ്രാവിഡ് ചേർത്തു പിടിക്കുന്നതും വിഡിയോയിൽ ദൃശ്യമാണ്.

വിരാട് കോലിയുടെ തകർപ്പൻ ബാറ്റിങ്ങിലൂടെയാണ് ഒരു ഘട്ടത്തിൽ കൈവിട്ട് പോയി എന്ന് കരുതിയ മത്സരം ഇന്ത്യ തിരിച്ചു പിടിച്ചത്. ഈ വർഷം തുടങ്ങിയപ്പോൾ വിരാട് കോലിയുടെ കരിയറിന്റെ അന്ത്യമായി എന്ന് കരുതിയവരാണ് കൂടുതലും. എന്നാലിന്നലെ കായിക രംഗത്തെ ഏറ്റവും ആവേശം നിറഞ്ഞ ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് പോരാട്ടത്തിൽ ഇന്ത്യയുടെ വിജയശിൽപിയായി താരം മാറി. മികച്ച ബാറ്റിങ്ങിലൂടെ വിമർശകർക്കുള്ള മറുപടി കൂടിയാണ് കോലി നൽകിയത്.

Read More: “ഒരു സമ്പൂർണ്ണ ക്ലാസിക്..”; കോലിയുടെ ഇന്നിംഗ്‌സിനെ വാനോളം പുകഴ്ത്തി മോഹൻലാൽ, മമ്മൂട്ടി, ദുൽഖർ അടക്കമുള്ള താരങ്ങൾ

ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 159 റൺസാണ് നേടിയത്. 52 റൺസെടുത്ത് പുറത്താവാതെ നിന്ന ഷാൻ മസൂദ് ആണ് പാകിസ്താൻ്റെ ടോപ്പ് സ്കോറർ. ഇഫ്തിക്കാർ അഹ്‌മദും (51) പാകിസ്താനു വേണ്ടി തിളങ്ങി. ഇന്ത്യക്ക് വേണ്ടി അർഷ്ദീപ് സിംഗും ഹാർദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ടോസ് അനുകൂലമായിരുന്നെങ്കിലും കാലാവസ്ഥ പരിഗണിച്ചാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ പാകിസ്ഥാനെ ബാറ്റിങിനയച്ചത്.

Story Highlights: Rahul dravid celebration after indian victory