നഞ്ചിയമ്മയ്‌ക്കൊപ്പം പാട്ടിന് ചുവട്‌ വെച്ച് രമേശ് പിഷാരടി; ലണ്ടനിൽ നിന്നുള്ള ഹൃദ്യമായ കാഴ്ച്ച

October 12, 2022

മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള ഇത്തവണത്തെ ദേശീയ അവാർഡ് നേടിയ ഗായികയാണ് നഞ്ചിയമ്മ. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ “കെലക്കാത്തെ സന്ദനമരം..” എന്ന ഗാനത്തിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സിൽ ഇടം നേടി നഞ്ചിയമ്മ. അമ്പരപ്പിക്കുന്ന ആലാപനത്തിലൂടെയും നിഷ്‌കളങ്കമായ നിറഞ്ഞ ചിരിയിലൂടെയും നഞ്ചിയമ്മ ഇന്ന് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയായി മാറി കഴിഞ്ഞു.

ഇപ്പോൾ നടനും സംവിധായകനുമായ രമേശ് പിഷാരടിയും നഞ്ചിയമ്മയും ഒരുമിച്ചുള്ള ഹൃദയം കവരുന്ന ഒരു കാഴ്ച്ചയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. നഞ്ചിയമ്മയുടെ പാട്ട് പാടി ചുവട് വെയ്ക്കുകയാണ് താരം. നിഷ്‌കളങ്കമായി ചിരിച്ചു കൊണ്ട് നിൽക്കുന്ന നഞ്ചിയമ്മയെയും വിഡിയോയിൽ കാണാം. നടനും വനംവകുപ്പ് ഉദ്യോഗസ്ഥനുമായ പഴനിസ്വാമിയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ‘രമേഷ് പിഷാരടിയുടെ ലണ്ടന്‍ കുസൃതികള്‍’ എന്ന് കുറിച്ച് കൊണ്ടാണ് അദ്ദേഹം വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

കഷ്ടപ്പാടുകൾ നിറഞ്ഞ ചുറ്റുപാടുകളിൽ ജീവിച്ച നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്‌ക്കാര നേട്ടത്തിന് ശേഷം വലിയ പ്രശംസയാണ് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ചത്. ദേശീയ പുരസ്ക്കാരം ഏറ്റുവാങ്ങാൻ നഞ്ചിയമ്മ വേദിയിൽ എത്തിയപ്പോൾ മുഴുവൻ സദസ്സും എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് കലാകാരിയെ അഭിനന്ദിച്ചത്.

Read More: ‘അറിയാം, കുവൈറ്റ് വിജയനല്ലേ..’ -പുതുമുഖ നടനെ വിസ്മയിപ്പിച്ച് മമ്മൂട്ടി

അതേ സമയം തൻറെ പുരസ്ക്കാരം അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ സംവിധായകനായ സച്ചിക്ക് സമർപ്പിക്കുകയാണെന്ന് നഞ്ചിയമ്മ നേരത്തെ പറഞ്ഞിരുന്നു. “അവാർഡ് കിട്ടിയതിൽ അട്ടപ്പാടിക്കാർക്ക് അഭിമാനം, സച്ചി സാറിന് നന്ദി. അദ്ദേഹം കാരണമാണ് ഞാൻ ഇതുവരെ എത്തിയത്. പല ജോലികൾ ചെയ്‌ത്‌ കഷ്ടപ്പെടുന്ന സമയത്താണ് സച്ചി സാർ എന്നെ കണ്ടതും സിനിമയിലേക്ക് ക്ഷണിച്ചതും. അദ്ദേഹത്തിനെ ജീവിതത്തിൽ മറക്കില്ല. അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ട്”- ദേശീയ പുരസ്‌ക്കാര നേട്ടത്തെ പറ്റി നഞ്ചിയമ്മ പറഞ്ഞു.

Story Highlights: Ramesh pisharady dance with nanchiyamma