ഇതാണെന്റെ യഥാർത്ഥ കുടുംബം- ചിത്രം പങ്കുവെച്ച് രശ്‌മിക മന്ദാന
ഇന്ത്യൻ സിനിമയിൽ ഏറെ ജനപ്രീതിയുള്ള നായികമാരിൽ ഒരാളാണ് രശ്‌മിക മന്ദാന. കന്നഡ സിനിമയിൽ അഭിനയ ജീവിതം ആരംഭിച്ച രശ്‌മിക ഇപ്പോൾ ബോളിവുഡ് ചിത്രത്തിന്റെ റിലീസിന് തയ്യാറെടുക്കുകയാണ്. ഗുഡ്ബൈ എന്ന സിനിമയിലൂടെയാണ് രശ്‌മിക തുടക്കം കുറിക്കുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി രശ്‌മിക തന്റെ ‘റിയൽ’ കുടുംബത്തെ പരിചയപ്പെടുത്തുകയാണ്.
‘ഇതാണെന്റെ യഥാർത്ഥ കുടുംബം, റീൽ കുടുംബത്തെ മൂന്നു ദിവസങ്ങൾക്കുള്ളിൽ നിങ്ങൾക്ക് കാണാം’ എന്ന ക്യാപ്ഷനാണ് ചിത്രത്തിന് നടി നൽകിയിരിക്കുന്നത്. എല്ലാ ഭാഷയിലും ഒരുപോലെ ആരാധകരെ സൃഷ്‌ടിച്ച നടി രശ്‌മിക ‘ഗുഡ്‌ബൈ’യിൽ ഇതിഹാസ നടൻ അമിതാഭ് ബച്ചനൊപ്പം സ്‌ക്രീൻ പങ്കിടുന്ന ആവേശത്തിലാണ്. നടിയുടെ ആദ്യ ബോളിവുഡ് ചിത്രംകൂടിയാണ് ഇത്. 2022 ഒക്ടോബർ 7 ന് റിലീസ് ചെയ്യാനൊരുങ്ങുകയാണ്.
വികാസ് ഭാൽ സംവിധാനം ചെയ്ത ചിത്രത്തിൽ പവയിൽ ഗുലാത്തി, സുനിൽ ഗ്രോവർ, ആശിഷ് വിദ്യാർത്ഥി തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. താര എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. അതേസമയം, സിനിമയിൽ കൂടുതൽ സജീവമാകുകയാണ് രശ്‌മിക. കന്നടയ്ക്കും തെലുങ്കിനും പുറമെ തമിഴിലും നടി അരങ്ങേറ്റം കുറിച്ചു. സുൽത്താൻ എന്ന ചിത്രത്തിൽ കാർത്തിയുടെ നായികയായാണ് തമിഴിലേക്ക് എത്തിയത്.
ദളപതി 66 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന വിജയുടെ 66-ാമത്തെ ചിത്രത്തിലും രശ്മികയാണ് നായിക. തെലുങ്ക് സംവിധായകൻ വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും.
Story highlights- rashmika mandanna shares her real family photo