ഇവരാകും സെമി ഫൈനലിസ്റ്റുകൾ; ടി 20 ലോകകപ്പിൽ സെമി ഫൈനലിലെത്തുന്ന ടീമുകളെ പ്രവചിച്ച് സച്ചിൻ ടെൻഡുൽക്കർ

October 18, 2022

ഓസ്‌ട്രേലിയയിൽ നടന്നു കൊണ്ടിരിക്കുന്ന ടി 20 ലോകകപ്പിൽ സെമി ഫൈനലിലെത്തുന്ന ടീമുകളെ പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കർ. ഇന്ത്യ, പാകിസ്ഥാൻ, ഇംഗ്ലണ്ട് ഓസ്ട്രേലിയ എന്നീ ടീമുകൾ സെമി ഫൈനലിലെത്തുമെന്നാണ് ഇതിഹാസ താരം പറയുന്നത്. ഇന്ത്യ കിരീടം നേടണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞ സച്ചിൻ ന്യൂസീലൻഡും ദക്ഷിണാഫ്രിക്കയും ഇത്തവണത്തെ കറുത്ത കുതിരകളാവുമെന്നും പ്രവചിച്ചു.

“ഇന്ത്യ ചാമ്പ്യന്മാരാവണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇന്ത്യ, പാകിസ്താൻ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകൾ സെമിയിലെത്തുമെന്നാണ് ഞാൻ കരുതുന്നത്. ന്യൂസീലൻഡും ദക്ഷിണാഫ്രിക്കയും കറുത്ത കുതിരകളാവും. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങളാണ് ഇപ്പോൾ ഓസ്ട്രേലിയയിലേത്. അത് അവർക്ക് ഗുണം ചെയ്യും.”- ഒരു അഭിമുഖത്തിൽ സച്ചിൻ പറഞ്ഞു.

അതേ സമയം അട്ടിമറിയോടെയാണ് ലോകകപ്പ് ആദ്യ റൗണ്ട് മത്സരങ്ങൾ തുടങ്ങിയത്. ഏഷ്യ കപ്പ് ചാമ്പ്യന്മാരുടെ പകിട്ടുമായെത്തിയ ശ്രീലങ്ക നമീബിയയോട് ദയനീയ പരാജയമേറ്റുവാങ്ങി. 8 ടീമുകൾ പങ്കെടുക്കുന്ന ആദ്യ റൗണ്ട് മത്സരങ്ങൾക്ക് ശേഷം 4 ടീമുകളാണ് സൂപ്പര്‍ 12 ലെ പോരാട്ടത്തിന് കളത്തിലിറങ്ങുക.

Read More: നാടൻ ചേലിൽ ഐശ്വര്യലക്ഷ്മി; ശ്രദ്ധനേടി ‘കുമാരി’ സിനിമയിലെ ഗാനം

സൂപ്പര്‍ 12 മത്സരങ്ങൾ ഒക്ടോബര്‍ 22 നാണ് ആരംഭിക്കുന്നത്. കഴിഞ്ഞ ടി 20 ലോകകപ്പിന്റെ ഫൈനൽ പോരാട്ടത്തിൽ നേർക്കുനേർ വന്ന ഓസ്‌ട്രേലിയയും ന്യൂസിലൻഡുമാണ് സൂപ്പർ 12 ന്റെ ആദ്യ മത്സരത്തിലേറ്റുമുട്ടുന്നത്. ഇന്ത്യയുടെ ആദ്യ പോരാട്ടം ചിരവൈരികളായ പാകിസ്താനുമായി ഒക്ടോബര്‍ 23 നാണ്. കഴിഞ്ഞ ലോകകപ്പിലെ ദയനീയ പരാജയത്തിന്റെ ഓർമ്മകൾ മായ്ക്കാൻ ഒരുങ്ങി തന്നെയാണ് ഇന്ത്യ ഇറങ്ങുന്നത്. 2007 ലെ പ്രഥമ ലോകകപ്പിലെ കിരീട ധാരണത്തിനു ശേഷം ഒരിക്കൽ മാത്രം ഫൈനലിൽ കടന്ന ഇന്ത്യ ഇത്തവണ ലോകകപ്പിൽ മുത്തമിടുമെന്ന് തന്നെയാണ് ആരാധകർ കരുതുന്നത്.

Story Highlights: Sachin predicts t 20 world cup semi finalists