ചെങ്കുത്തായ പാറയിൽ വെള്ളച്ചാട്ടത്തിന് അഭിമുഖമായി ഡ്രാക്കുള കഥകളിൽ കണ്ട കോട്ട..
ഡ്രാക്കുള കഥകളിൽ കണ്ടതും കേട്ടതുമായ കാര്യങ്ങളിൽ എല്ലാവരും ഏറ്റവുമധികം കാണാൻ കൊതിച്ചത് ചെങ്കുത്തായ പാറയിൽ സ്ഥിതി ചെയ്യുന്ന കോട്ടയാവാം. അരുവിക്ക് അഭിമുഖമായി കാർപേത്യൻ മലനിരകളിൽ സ്ഥിതി ചെയ്യുന്ന ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള കോട്ടയുടെ ഒരു ചെറിയ പതിപ്പ് കൊളംബിയയിലുണ്ട്. ഗോഥിക് സ്റ്റൈലിൽ നിർമിച്ചിരിക്കുന്ന ഈ കൂറ്റൻ കെട്ടിടം ഒരുപക്ഷെ, ഡ്രാക്കുളക്കഥയിലെ കോട്ടയേക്കാൾ മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. കാരണം, കോട്ടയ്ക്ക് അഭിമുഖമായി നിലകൊള്ളുന്നത് മനോഹരമായ വെള്ളച്ചാട്ടമാണ്.
ടെക്വെൻഡാമ വെള്ളച്ചാട്ടത്തിന് അഭിമുഖമായി നിലകൊള്ളുന്ന ഈ കോട്ട 1923ലാണ് നിർമിച്ചത്. 1950 കളിൽ ഈ വീട് 18 നിലകളുള്ള ഒരു ഹോട്ടൽ സമുച്ചയമായി വികസിപ്പിക്കേണ്ടതായിരുന്നു. പക്ഷേ നിർമ്മാണ പദ്ധതികൾ ഫ്രഞ്ച് ശൈലിയിലുള്ള വാസ്തുവിദ്യയിൽ തന്നെ അവശേഷിക്കുകയായിരുന്നു. ഹോട്ടൽ ഡെൽ സാൾട്ടോ എന്നപേരിൽ ഏറെക്കാലം പ്രവർത്തിച്ച ഈ കോട്ട പിന്നീട് ഉപേക്ഷിക്കപെടുകയായിരുന്നു. മലിനമായ ബൊഗോട്ട നദി ടൂറിസത്തിൽ ഇടിവുണ്ടാക്കുകയും 1990 കളുടെ തുടക്കത്തിൽ ഹോട്ടൽ ഉപേക്ഷിക്കുകയും ചെയ്തു.
എന്നാൽ, കോട്ടയുടെ രൂപവും ഭാവവും ഉപേക്ഷിക്കപെട്ടതോടെ പായൽ പിടിച്ച് മാറി. പിന്നാലെ പ്രേത കഥകളും ദുരൂഹതയുമൊക്കെ നിറഞ്ഞു. പിന്നീട്, നശിച്ചുകൊണ്ടിരിക്കുന്ന കെട്ടിടം കൊളംബിയ നാഷണൽ യൂണിവേഴ്സിറ്റി ഏറ്റെടുത്തു, അതിനുശേഷം ഇത് ഒരു മ്യൂസിയമാക്കി മാറ്റി. ഇന്നത് ടെക്വെൻഡാമ ഫാൾസ് മ്യൂസിയമാണ്.
Story highlights- Tequendama Falls museum