“ഇതൊക്കെ സിംപിളല്ലേ..”; തക്കാളി കയറ്റുന്ന കർഷകന്റെ വിഡിയോ വൈറലാവുന്നു

October 21, 2022

നിരവധി വിഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ ഓരോ ദിവസവും വൈറലാവുന്നത്. സമൂഹമാധ്യമങ്ങളിൽ ചിലവിടുന്ന സമയത്തൊക്കെ ചിരിക്കാനും പോസിറ്റീവ് ആയ കാര്യങ്ങൾ പങ്കിടാനുമാണ് ഏറെ ആളുകളും ശ്രമിക്കുന്നത്. അതിനാൽ തന്നെ ചിരി ഉണർത്തുന്നതും രസകരവുമായ പല വിഡിയോകളും വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്.

ഇപ്പോൾ ലോറിയിൽ തക്കാളി കയറ്റുന്ന ഒരു കർഷകന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. എല്ലാ കർഷകരും ചേർന്ന് പറമ്പിൽ നിന്ന് തക്കാളി പറിച്ചെടുത്ത് കുട്ടയിൽ നിറച്ച് ശേഖരിക്കുന്നു. മറ്റൊരു കർഷകൻ ഇവ ലോറിയിൽ നിറയ്ക്കുന്നു. തക്കാളി കയറ്റുന്ന വ്യത്യസ്‌തമായ രീതിയാണ് വിഡിയോയെ ശ്രദ്ധേയമാക്കുന്നത്. കർഷകൻ തക്കാളി കുട്ട വായുവിൽ എറിയുന്നു, തക്കാളി ട്രക്കിൽ വീഴുകയും കുട്ട നേരിട്ട് നിലത്ത് വീഴുകയും ചെയ്യുന്നു. ഒരു തക്കാളി പോലും ട്രക്കിൽ അല്ലാതെ നിലത്തു വീഴുന്നില്ല എന്നതാണ് പ്രത്യേകത. ഒരു കോടിയിലധികം ആളുകളാണ് ഈ വിഡിയോ ഇപ്പോൾ കണ്ടിരിക്കുന്നത്.

Read More: ‘കമലദളത്തിന്റെ സെറ്റിലായിരുന്നു ഇങ്ങനെ കരഞ്ഞിട്ടുള്ളത്..’- ‘റോഷാക്ക്’ സെറ്റിൽ കണ്ണീരോടെ ബിന്ദു പണിക്കർ

നേരത്തെ ഒരു അംഗനവാടിയിൽ നിന്നുള്ള കുഞ്ഞുങ്ങളുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഒരുകൂട്ടം അംഗനവാടി വിദ്യാർത്ഥികളായ കുരുന്നുകൾ കസേരകളിക്കാനായി വട്ടംകൂടി നിൽക്കുകയാണ്. മണിയടിക്കുമ്പോൾ കസേരയ്ക്ക് ചുറ്റും ഓടണമെന്നാണ്. എന്നാൽ മണിയടികേട്ടതും കുട്ടികൾ എല്ലാവരും നാലുപാടും ചിതറി ഓടി. പിന്നെയതൊരു കൂട്ടയോട്ടമായി. രസകരമായ ഈ കാഴ്ച സമൂഹമാധ്യമങ്ങളിൽ ഹിറ്റായി മാറിയിരിക്കുകയാണ്. ‘അംഗനവാടി വിട്ടതല്ല മക്കളെ.. കസേരകളി ആണ്..ഇങ്ങോട്ട് വാ’- എന്ന അടികുറിപ്പോടെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

Story Highlights: Tomato farmer viral video