പുതിയ റെക്കോർഡിട്ട് കോലി, ടി 20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരം; മറികടന്നത് ഗെയിലിനെ
ഒരിടവേളയ്ക്ക് ശേഷം തന്റെ പ്രതാപ കാലത്തേക്ക് തിരികെയെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോലി. ടി 20 ലോകകപ്പിൽ തുടർച്ചയായ മത്സരങ്ങളിൽ മികച്ച ബാറ്റിംഗ് പ്രകടനമാണ് താരം കാഴ്ച്ചവെയ്ക്കുന്നത്. പാകിസ്ഥാനെതിരെയുള്ള മത്സരത്തിൽ കോലി പുറത്തെടുത്ത ബാറ്റിംഗ് താരത്തിന്റെ എക്കാലത്തെയും മികച്ച പ്രകടനമായാണ് വിലയിരുത്തപ്പെടുന്നത്.
ഇപ്പോൾ മറ്റൊരു റെക്കോർഡും കോലി സ്വന്തമാക്കിയിരിക്കുകയാണ്. ടി 20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് എടുക്കുന്ന രണ്ടാമത്തെ താരമായിരിക്കുകയാണ് കോലി. കഴിഞ്ഞ ദിവസം നെതർലൻഡ്സിനെതിരെ നടന്ന മത്സരത്തിൽ നേടിയ ഫിഫ്റ്റിയാണ് കോലിയ്ക്ക് നേട്ടമായത്. നെതർലൻഡ്സിനെതിരെ 44 പന്തുകളിൽ 62 റൺസ് നേടി പുറത്താവാതെ നിന്ന വിരാട് കോലി ഇന്ത്യയുടെ ടോപ്പ് സ്കോറർ ആയിരുന്നു.
അതേ സമയം വിരാട് കോലിയുടെ തകർപ്പൻ ബാറ്റിങ്ങിലൂടെയാണ് ഒരു ഘട്ടത്തിൽ കൈവിട്ട് പോയി എന്ന് കരുതിയ പാകിസ്ഥാനെതിരെയുള്ള മത്സരം ഇന്ത്യ തിരിച്ചു പിടിച്ചത്. പാകിസ്ഥാനെതിരെ 160 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ അവസാന പന്തിലാണ് വിജയറൺ നേടിയത്. 53 പന്തില്‍ 82 റണ്‍സുമായി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത്. 40 റൺസെടുത്ത ഹാർദിക് പാണ്ഡ്യ മികച്ച പിന്തുണയാണ് കോലിക്ക് നൽകിയത്. അവസാന പന്തിൽ ബൗണ്ടറി നേടിയ അശ്വിന്റെ പ്രകടനത്തിനും ആരാധകർ വലിയ കൈയടി നൽകിയിരുന്നു.
ഈ വർഷം തുടങ്ങിയപ്പോൾ വിരാട് കോലിയുടെ കരിയറിന്റെ അന്ത്യമായി എന്ന് കരുതിയവരാണ് കൂടുതലും. എന്നാൽ കായിക രംഗത്തെ ഏറ്റവും ആവേശം നിറഞ്ഞ ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് പോരാട്ടത്തിൽ ഇന്ത്യയുടെ വിജയശിൽപിയായി മാറുകയായിരുന്നു താരം. മികച്ച ബാറ്റിങ്ങിലൂടെ വിമർശകർക്കുള്ള മറുപടി കൂടിയാണ് കോലി നൽകിയത്.
Story Highlights: Virat kohli becomes the second leading run scorer in t20 world cup