മനസ് കൈവിട്ട് കളയരുതേ..; ഇന്ന് ലോക മാനസിക ആരോഗ്യ ദിനം

October 10, 2022

ശാരീരിക ആരോഗ്യം എന്നാൽ നല്ല ആഹാരം കഴിച്ച് ജീവിക്കുക എന്ന തെറ്റിദ്ധാരണയുള്ളവർ ഇന്നും നമുക്ക് ചുറ്റുമുണ്ട്. ആ സാഹചര്യത്തിൽ മാനസിക ആരോഗ്യം എന്നത് പലർക്കും അജ്ഞാതമായ കാര്യമാണ്. അതേ, ശാരീരികമായി ആരോഗ്യത്തോടെയിരിക്കുക എന്നതുപോലെ പ്രധാനമാണ് മനസിന്റെ ആരോഗ്യവും. പലപ്പോഴും നിസാരമായി കരുതുന്ന പലപ്രശ്നങ്ങളും ഉറക്കം കെടുത്തുന്ന അവസ്ഥയിലേക്ക് എത്തുമ്പോഴാണ് പലരും മാനസിക ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചിറങ്ങുന്നത്. നിസാരമായി തള്ളിക്കളയാവുന്നതോ ഒരു ആഡംബര രോഗമെന്ന നിലയിലോ ചിന്തിക്കേണ്ട ഒന്നല്ല മാനസിക ആരോഗ്യം. ഇന്ന്, ഒക്ടോബർ 10. ലോക മാനസിക ആരോഗ്യ ദിനം. ഇന്ന് ചില ആരോഗ്യപരമായ ചർച്ചകൾ സജീവമാകേണ്ടതുണ്ട്.

വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റിച്ചാർഡ് ഹണ്ടറിന്റെ മുൻകൈയിൽ 1992 ഒക്ടോബർ 10 ന് ആദ്യത്തെ ലോക മാനസികാരോഗ്യ ദിനം ആചരിച്ചു. കഴിഞ്ഞ 30 വർഷമായി പലരും മാനസിക ആരോഗ്യത്തിനായി സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്‌തെങ്കിലും സാധാരണക്കാരൻ അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞത് ലോക്ക്ഡൗൺ കാലത്താണ്. സജീവമായിരുന്ന ജീവിതശൈലിയിൽ നിന്നും പെട്ടെന്നൊരു മാറ്റം വന്നപ്പോൾ അത് പലരെയും വലിയ രീതിയിൽ പിടിച്ചുലച്ചു. സമ്മർദ്ദം താങ്ങാനാകാതെ പലരും സ്വയം ജീവൻ വെടിഞ്ഞു. അതുപോലെ, ചെറിയ വീഴ്ചകളിൽ, പരീക്ഷകളിലെ തോൽവികളിൽ, പ്രണയ നൈരാശ്യത്തിൽ, ജീവിത പ്രതിസന്ധികളിൽ ഉലയുന്ന അനേകം ആളുകൾ നമ്മെ കടന്നുപോകുകയും ഇന്നും ജീവിതത്തോട് കലഹിച്ച് നിലനിൽക്കുകയുമാണ്. യഥാർത്ഥത്തിൽ എന്താണ് മാനസിക ആരോഗ്യം?

ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസിക ആരോഗ്യവും. ഇവ രണ്ടും തമ്മിലുള്ള സന്തുലിതാവസ്ഥ കാത്തുസൂക്ഷിച്ചില്ലെങ്കിൽ മനുഷ്യരാശിക്ക് നിലനിൽക്കാനാവില്ല. ലോകാരോഗ്യ സംഘടന, അതിന്റെ വാർഷിക റിപ്പോർട്ടിൽ കൊവിഡ് രോഗബാധയുടെ ആദ്യ വർഷത്തിൽ, ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും ആഗോള വ്യാപനം 25 ശതമാനം വർധിച്ചതായി പരാമർശിച്ചിരുന്നു. നാമെല്ലാവരും ഒറ്റക്കെട്ടായി മാനസിക ആരോഗ്യത്തിനായി പ്രവർത്തിക്കേണ്ടതുണ്ട്. ഒരു സമൂഹമെന്ന നിലയിൽ നാം മാനസികാരോഗ്യ പ്രശ്‌നങ്ങളെ ചുറ്റിപ്പറ്റിയുള്ള തടസ്സങ്ങൾ തകർക്കേണ്ടതുണ്ട്. വിഷാദരോഗത്തെയും മറ്റു പ്രതിസന്ധികളെയും ഭ്രാന്തായി വിലയിരുത്തുന്ന സമൂഹം ഇന്നും നമുക്ക് ചുറ്റുമുണ്ട്. അതുപോലെ ഒരാളോട് തുറന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങൾ മാത്രമേ നമ്മളിൽ പലർക്കും ഉണ്ടാകു. ഒരു കൗൺസിലറുടെ സഹായം തേടിയാൽ, ഉറ്റ സുഹൃത്തിനോ നമുക്ക് ചുറ്റുമുള്ളവർക്കോ അങ്ങനെയൊരു പിന്തുണയുടെ ആവശ്യം വന്നാൽ അവയെ തെറ്റിദ്ധരിക്കാതിരിക്കാനും സഹായങ്ങൾ ചെയ്തുകൊടുക്കാനും സാധിക്കേണ്ടതുണ്ട് ഓരോരുത്തർക്കും.

‘ജീവിത സമ്മർദങ്ങളെ അതിജീവിക്കാനും അവരുടെ കഴിവുകൾ തിരിച്ചറിയാനും നന്നായി പഠിക്കാനും നന്നായി ജോലി ചെയ്യാനും അവരുടെ സമൂഹത്തിന് സംഭാവന നൽകാനും ആളുകളെ പ്രാപ്തരാക്കുന്ന മാനസിക ക്ഷേമത്തിന്റെ അവസ്ഥയാണ് മാനസികാരോഗ്യം. തീരുമാനങ്ങൾ എടുക്കുന്നതിനും ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും നാം ജീവിക്കുന്ന ലോകത്തെ രൂപപ്പെടുത്തുന്നതിനുമുള്ള നമ്മുടെ വ്യക്തിപരവും കൂട്ടായതുമായ കഴിവുകളെ അടിവരയിടുന്ന ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും അവിഭാജ്യ ഘടകമാണിത്. മാനസികാരോഗ്യം മനുഷ്യന്റെ അടിസ്ഥാന അവകാശമാണ്. വ്യക്തിപരവും സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് അത് നിർണായകമാണ്’- ലോകാരോഗ്യ സംഘടന മാനസിക ആരോഗ്യത്തിന് നൽകുന്ന നിർവചനമാണിത്.

Read Also: ചോദ്യങ്ങൾക്കൊക്കെ ഉരുളയ്ക്കുപ്പേരി പോലെയാണ് മറുപടി; പാട്ടുവേദിയിൽ വിധികർത്താക്കളെ പൊട്ടിച്ചിരിപ്പിച്ച് മേധക്കുട്ടി

ജീവിതത്തിലുടനീളം സംഭവിക്കുന്ന പലകാര്യങ്ങളും നമ്മുടെ മാനസികമായ ആരോഗ്യത്തെ ബാധിക്കാറുണ്ട്. ചില കാര്യങ്ങൾ കൂടുതൽ കരുത്ത് പകരുമ്പോൾ, മറ്റു ചിലതാകട്ടെ തളർത്തിക്കളയും.വൈകാരികത അധികമുള്ളവർ, ലഹരിവസ്തുക്കളുടെ ഉപയോഗമുള്ളവർ, ജനിതക പ്രശ്നങ്ങൾ എന്നിവയൊക്കെ ഉള്ളവരെ മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുതൽ ദുർബലരാക്കും. മാനസികാരോഗ്യം ശക്തിപ്പെടുത്തുന്നതിനായി ധാരാളം സേവനങ്ങൾ ഇന്ന് നിലവിലുണ്ട്. മാനസികാരോഗ്യ സേവനങ്ങൾ പൊതു ആരോഗ്യ പരിപാലനത്തിൽ ഉൾപ്പെടുന്നുണ്ട്. കമ്മ്യൂണിറ്റി മാനസികാരോഗ്യ കേന്ദ്രങ്ങളും പിയർ സപ്പോർട്ട് സേവനങ്ങളും, സ്കൂൾ ആരോഗ്യ സേവനങ്ങളും, ജയിലുകളിലെ കൗൺസിലിംഗുമെല്ലാം ഇതിന്റെ ഭാഗമാണ്. ചുരുക്കത്തിൽ ഇത് വായിക്കുന്ന ഒരാളെയെങ്കിലും മാനസികമായ പ്രശ്നനങ്ങൾ അലട്ടുന്നുവെങ്കിൽ നിങ്ങൾ ഭയക്കേണ്ടതില്ല. ആരോഗ്യകേന്ദ്രങ്ങളിൽ നിങ്ങൾക്ക് ആവശ്യമായ പിന്തുണ ലഭ്യമാണ്. കൈവിട്ടു കളയരുത് മനസിനെ..

Story highlights- world mental health day 2022