കാൻസറിനോട് രണ്ടുതവണ പൊരുതി യാത്രയായി നടി ഒന്ദ്രില ശർമ്മ; അന്ത്യചുംബനം നൽകി പങ്കാളി- ഉള്ളുതൊടുന്ന കാഴ്ച
24 കാരിയായ ബംഗാളി നടി ഒന്ദ്രില ശർമ്മയുടെ അപ്രതീക്ഷിത വിയോഗം ആരാധകരെ അഗാധമായ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. അർബുദത്തെ രണ്ടുതവണ അതിജീവിച്ച നടി, ഒടുവിൽ വിടപറയുകയായിരുന്നു. ഓരോതവണയും രോഗമുക്തിക്ക് ശേഷം ശക്തമായി തന്നെ അഭിനയത്തോടുള്ള അഭിനിവേശത്തോടെ നടി ഉയർത്തെഴുന്നേറ്റിരുന്നു.
അടുത്തിടെ കാൻസർ വിമുക്തയായി എന്ന് പങ്കുവെച്ചതിന് ശേഷം നടി വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തിയിരുന്നു. ഈ പോരാട്ടവീര്യത്തിലൂടെ വലിയൊരു ആരാധകവൃന്ദമാണ് ഒന്ദ്രില ശർമ്മ സൃഷ്ടിച്ചത്. 2022-ൽ ഈ തിരിച്ചുവരവിനുള്ള അംഗീകാരമായി പശ്ചിമ ബംഗാൾ ഗവൺമെന്റിന്റെ അവാർഡും സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ, നടിയുടെ പങ്കാളിയും നടനുമായ സബ്യസാചി ചൗധരി അവസാനമായി നടിയുടെ മൃതദേഹത്തിൽ ചുംബിക്കുന്ന ദൃശ്യങ്ങൾ ഉള്ളുതൊടുകയാണ്. പൊതുദർശനത്തിന് വെച്ച മൃതദേഹത്തിന്റെ കാലുകളിൽ അങ്ങേയറ്റം ദുഖത്തോടെ സബ്യസാചി ചൗധരി ചുംബിക്കുന്നത് കാണാം.
നവംബർ ഒന്നിന് മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇൻട്രാക്രീനിയൽ രക്തസ്രാവം അനുഭവപ്പെട്ടതിനെത്തുടർന്ന് അവർ ശസ്ത്രക്രിയയ്ക്ക് വിധേയയായി. പിനീടാണ് മരണം സംഭവിച്ചത്. ഒന്ദ്രിലയുടെ അവസാനത്തെ ഇൻസ്റ്റാഗ്രാം പോസ്റ്റ് പോലും സബ്യസാചിയെ കുറിച്ചായിരുന്നു. ‘എനിക്ക് മുന്നോട്ട് ജീവിക്കാനുള്ള കാരണംത്തിന്, ജന്മദിനാശംസകൾ’ എന്നാണ് നടി കുറിച്ചത്.
Read Also: ഒന്നിച്ച് പറന്നുയർന്ന് നൂറുകണക്കിന് ദേശാടനക്കിളികൾ- ഹൃദ്യമായൊരു കാഴ്ച
സബ്യസാചി ചൗധരിയും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നടിക്കായി ഒരു കുറിപ്പ് എഴുതിയിരുന്നു. അദ്ദേഹം എഴുതിയിരിക്കുന്നു, “ഇത് ഇവിടെ എഴുതുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എന്നിരുന്നാലും, ഇന്നാണ് ആ ദിവസം. ഒന്ദ്രിലയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക. ഒരു അത്ഭുതത്തിനായി പ്രാർത്ഥിക്കുക. അമാനുഷികതയ്ക്കായി പ്രാർത്ഥിക്കുക. അവൾ മനുഷ്യർക്ക് അതീതമായ എല്ലാ പ്രതിബന്ധങ്ങൾക്കും എതിരെ പോരാടുകയാണ്’.- ഒടുവിൽ പോരാട്ടങ്ങൾ അവസാനിപ്പിച്ച് നടി യാത്രയായി.
Story highlights- aindrila sharma boyfriend emotional video